News One Thrissur
Updates

തൃശൂർ കോർപറേഷനിൽ കോടികളുടെ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

തൃശൂർ: കോടിക്കണക്കിന് രൂപയുടെ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടി തൃശൂർ കോർപറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. വൈദ്യുതി, നികുതി, പൊതുമരാമത്ത് വകുപ്പുകളിലെ പദ്ധതികളും പ്രവർത്തനങ്ങളും കോടികളുടെ നഷ്ടം വരുത്തിയതായി 2021-22, 2022-23 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 2023 ഡിസംബർ 30ന് തയാറാക്കിയ റിപ്പോർട്ട് 11 മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഭരണസമിതി കൗൺസിലിൽ ചർച്ചക്കുവെച്ചത്. കണ്ടെത്തിയ അപാകതകൾ അപ്പപ്പോൾ അതത് വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ടിൽ പറയുന്നു. 221 അന്വേഷണക്കുറിപ്പുകൾ നൽകിയതിൽ 76 എണ്ണത്തിനു മാത്രമാണ് മറുപടി ലഭിച്ചത്.

അനധികൃത നിർമാണങ്ങൾക്ക് കൂട്ടുനിൽക്കുന്നു, നികുതിപിരിവിലെ ക്രമക്കേട്, കൃത്യമല്ലാത്ത വരവുചെലവ് കണക്കുകൾ, കോർപറേഷനുമായി തർക്കമുള്ളതും കേസുകൾ നിലനിൽക്കുന്നതുമായ വിഷയങ്ങളിൽ വേണ്ട രേഖകൾ ഹാജരാക്കുന്നില്ല എന്നീ വിഷയങ്ങൾ റിപ്പോർട്ടിൽ എടുത്തു പറയുന്നു. മാലിന്യസംസ്കരണം, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവർത്തനങ്ങളിലും ഭവനനിർമാണ പദ്ധതികളിലും ഗുരുതര ക്രമക്കേടുകളുണ്ട്. കോവിലകത്തും പാടം ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പ്ലാന്റ് നിഷ്ക്രിയമായതിലൂടെ മൂന്നു കോടിയിലധികം രൂപയുടെ നഷ്ടം കോർപറേഷന് സംഭവിച്ചതായി കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടുന്നു. അമൃത് പദ്ധതി പൂർണമായും അലങ്കോലപ്പെട്ടു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി 67 സെന്റ് സ്ഥലം മാത്രം മതിയെന്നിരിക്കെ 12 ഏക്കർ തണ്ണീർത്തടം ക്രമവിരുദ്ധമായി വാങ്ങിയതിൽ അഴിമതിസാധ്യത യുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. റിപ്പോർട്ടിൽ ഒരു മാസത്തിനകം കൗൺസിൽ വിളിച്ച് തീരുമാനമെടുക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് തുച്ഛമായ വിലക്ക് ലഭിക്കുമായിരുന്ന ഭൂമി വൻ തുക മുടക്കി വാങ്ങിയതിൽ ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓഡിറ്റ് റിപ്പോർട്ടിലുള്ളത് ഗുരുതര അഴിമതിയും ചട്ടലംഘനവുമാണെന്നും നിയമസഭ സമിതി അന്വേഷിക്കണമെന്നും മേയറും സെക്രട്ടറിയും മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.

Related posts

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

Sudheer K

ബാലൻ അന്തരിച്ചു.

Sudheer K

ബാബു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!