ചാവക്കാട്: എലികൾ ഭക്ഷ്യവസ്തുക്കൾ തിന്നുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടിച്ച് നഗരസഭ. കുന്നംകുളം റോഡിൽ പ്രവർത്തിക്കുന്ന ‘ഓട്ടോഗ്രാഫ് റസ്റ്റാറന്റ് ആൻഡ് കഫേ’ എന്ന സ്ഥാപനമാണ് നഗരസഭ ആരോഗ്യവകുപ്പ് പൂട്ടിച്ചത്. സംഭവത്തിൽ ആരോഗ്യവിഭാഗം അന്വേഷണം നടത്തിയിരുന്നു. തുടർന്ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നഗരസഭ സെക്രട്ടറി സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാപനം അടച്ചുപൂട്ടി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം. ഷമീർ, സി.എം. ആസിയ, പി.കെ. ശിവപ്രസാദ്, താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. രാംകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മതിയായ ശുചിത്വ നിലവാരം പുലർത്താതെയും സുരക്ഷാസംവിധാനം ഒരുക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി എം.എസ്. ആകാശ് അറിയിച്ചു.