ചാവക്കാട്: ഏങ്ങണ്ടിയൂരിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിന് ഏഴര വർഷം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ. ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ പൊറ്റയിൽ വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (55) ചാവക്കാട് അസി. സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്. 2019 സെപ്റ്റംബർ 12 തിരുവോണ നാളിൽ രാത്രി ഒമ്പതിനാണ് പ്രതി ഉണ്ണികൃഷ്ണന്റെ ഭാര്യ തളിക്കുളം ത്രിവേണിയിൽ കുട്ടംപറമ്പത്ത് അപ്പുവിന്റെ മകൾ ഷീജ (50) സ്വന്തം വീട്ടിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.
30 വർഷം മുമ്പായിരുന്നു പ്രതിയുമായുള്ള ഷീജയുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. വിവാഹ സമയം പ്രതിക്ക് നൽകിയ 20 പവൻ സ്വർണാഭരണവും 10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്തിരുന്നു. കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി മർദിക്കുമായിരുന്നു. മദ്യപിച്ച് വീട്ടിൽ വന്ന് വഴക്ക് കുടുന്നതും മർദിക്കുന്നതും പതിവായതോടെ ഷീജയും മകനും ഷീജയുടെ മാതാവിന്റെ പേരിലുള്ള തളിക്കുളത്തെ വീട്ടിലേക്ക് താമസം മാറി. പിന്നീട് അവിടെ താമസമാക്കിയ പ്രതി ഉപദ്രവം തുടർന്നു. സംഭവ നടന്ന തിരുവോണനാളിൽ വിരുന്നുകാരെയടക്കം പ്രതി ചീത്തവിളിക്കാനും മർദിക്കാനും തുടങ്ങിയതോടെയാണ് ഷീജ തീ കൊളുത്തിയത്. തൃശൂർ ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. പിഴ മരണപ്പെട്ട ഷീജയുടെ ആശ്രിതർക്ക് നൽകാനാണ് നിർദേശം. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാർ ഹാജരായി.