News One Thrissur
Updates

ഗുരുവായൂരിൽ സ്ത്രീകളെ ആക്രമിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ

ഗുരുവായൂർ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളിൽ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവർച്ച പതിവാക്കിയയാൾ പിടിയിൽ. രണ്ടുമാസത്തിലേറെയായി പോലീസിന്‍റെ സ്വൈരം കെടുത്തിയിരുന്ന പ്രതി താനൂർ സ്വദേശി മൂർക്കാടൻ പ്രദീപിനെ(45)യാണു ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോൾ താമസം.

ഗുരുവായൂരിൽ മാത്രം വിവിധയിടങ്ങളിൽനിന്ന് 15 പവനിലേറെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. ഇതിൽ 10 പവനോളം സ്വർണം കണ്ടെത്തി. മോഷ്ടിച്ചവ വിൽക്കാൻ സഹായിച്ച ബേപ്പൂർ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ 17 മോഷണക്കേസുകളിൽ പ്രതിയായ പ്രദീപ് ഏഴുമാസംമുമ്പാണ് ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. കഴിഞ്ഞയാഴ്‌ച ഗുരുവായൂർ തെക്കേനടയിൽ ഒരു സ്ത്രീയുടെ അഞ്ചുപവന്റെ താലിമാല കവർന്നു. അതേ ദിവസംതന്നെ പരിസരത്തെ വീടുകളിൽ മോഷണത്തിന് ശ്രമിച്ചു. സി.സി.ടി.വി.യിലെ ദൃശ്യങ്ങൾവെച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

സെപ്‌റ്റംബർ 13-ന് ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓച്ചിറ സ്വദേശിയുടെ രണ്ടരപ്പവൻ മാല, കൊല്ലം സ്വദേശിയുടെ ലോക്കറ്റുൾപ്പെടെ ഒന്നേമുക്കാൽ പവൻ മാല, അന്നുതന്നെ തിരുവെങ്കിടത്ത് ഒരു സ്ത്രീയുടെ രണ്ടുപവൻ മാല എന്നിവ കവർന്ന കേസിലെ പ്രതിയും ഇയാൾത്തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. നവംബർ രണ്ടിന് ടെമ്പിൾ സ്റ്റേഷൻ റോഡിലുള്ള സന്തോഷ്‌കുമാറിന്റെ വീട്ടിലെ മോട്ടോർ സൈക്കിൾ മോഷ്ടിച്ചു. ഗുരുവായൂർ പ്രദേശത്തുതന്നെ വീടുകളുടെ ഓടുകൾ പൊളിച്ച് നടത്തിയ മോഷണശ്രമങ്ങളും ഇയാൾ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽവെച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാൾ പോലീസിന്റെ പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങൾ ഒത്തുനോക്കിയപ്പോൾ ഗുരുവായൂരിലെ മോഷണക്കേസുകളിലെ പ്രതിയാണെന്ന് ഉറപ്പാക്കാനായി. ഗുരുവായൂർ എ.സി.പി. കെ.എം. ബിജു, സി.ഐ. ജി. അജയ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച റെയിൽവേ സ്റ്റേഷനിലും മോഷണം നടന്ന സമീപപ്രദേശങ്ങളിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

Related posts

നാരായണമേനോൻ അന്തരിച്ചു.

Sudheer K

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്: എൽഡിഎഫ് ഭരണസമിതി അധികാരമേറ്റു

Sudheer K

ഏനാമാവ് പുഴയിൽ യുവാവിനെ കാണാതായി

Sudheer K

Leave a Comment

error: Content is protected !!