കൊടകര: മറ്റത്തൂർ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. പത്തമടക്കാരൻ വീട്ടിൽ ഷനാസ് (31) എന്നയാളെയാണ് അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിച്ചു ഒറ്റയ്ക്ക് നടന്നു പോകുന്നതും സ്കൂട്ടറിൽ പോകുന്നതുമായ സ്ത്രീകളെ നിരീക്ഷിച്ച് വെളിച്ചം കുറവുള്ളതും ആൾ പെരുമാറ്റം ഇല്ലാത്തതുമായ ഭാഗങ്ങളിൽ എത്തുന്ന സമയം പുറകിലൂടെ ചെന്ന് പെട്ടെന്ന് ദേഹത്ത് കടന്നു പിടിക്കുകയാണ് പ്രതിയുടെ രീതി.
പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറ്റും മറിഞ്ഞു വീഴുവാൻ ഇടയാകുകയും ചെയ്യും. പോലീസ് അന്വേഷണത്തിൽ ഇയാൾ ഒന്നര കൊല്ലമായി ഈ രീതിയിൽ സ്ത്രീജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിൽ ഭീതി പരത്തിക്കൊണ്ട് സഞ്ചരിക്കുന്നുണ്ട്. പല സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടില്ല. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും പോലീസുമായി സഹകരിച്ച് വൈകുന്നേരം സമയങ്ങളിൽ മഫ്തിയിൽ പോലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.