തളിക്കുളം: ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സെക്സ് എഡ്യൂക്കേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ അൺ എയ്ഡഡ് ഉൾപ്പടെയുള്ള പത്തോളം സ്കൂളുകളിൽ സെക്സ് എഡ്യൂക്കേഷൻ ക്ലാസുകൾ നടത്തുവനാണ് പരിപാടിയിൽ ഉദ്ദേശിക്കുന്നത്. കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപെട്ടുള്ള മിഥ്യധാരണകൾ മാറ്റി യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം നൽകുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തളിക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത ഉദ്ഘടാനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. കെ. അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ ദേവി ദേവദാസ് ക്ലാസെടുത്തു. ക്ഷേമകാര്യ ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, തളിക്കുളം ബ്ലോക്ക് മെമ്പർ കലടീച്ചർ, തളിക്കുളം ഗവൺമെന്റ് ഹൈസ്കൂൾ പ്രധാന അധ്യാപിക അബ്സത്ത്, പിടിഎ പ്രസിഡന്റ് എം. എസ്. സജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ കെ.എസ്. സിനി, കെ.എസ്. അനീഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 8, 9 ക്ലാസിലെ വിദ്യാർത്ഥികൾ, സ്കൂൾ അധ്യാപകർ, അംഗൻവാടി അധ്യാപകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.