കീഴുപ്പിള്ളിക്കര: താന്ന്യം, കാട്ടൂർ, ചാഴൂർ പഞ്ചായത്തുകളിലെ കുടി വെള്ളത്തിനും, കൃഷിക്കും ആശ്രയിക്കുന്ന മുനയത്ത് സ്ഥിരം ബണ്ട് എന്ന ആവശ്യം ശക്തമാകുന്നു. വർഷം തോറും ലക്ഷങ്ങളാണ് താത്ക്കാലിക ബണ്ടിന് വേണ്ടി ചെലവഴിക്കുന്നത്. താത്ക്കാലിക ബണ്ട് നിർമ്മാണം പലപ്പോഴും സമയബന്ധിതമായി നടക്കാറില്ല. ഇത് മൂലം കൃഷിയിടങ്ങളിലും കുടിവെള്ളത്തിലുമെല്ലാം ഉപ്പ് കലരുന്നത് പ്രദേശ വാസികളെ വലക്കാറുണ്ട്. മൂന്ന് പഞ്ചായത്തുകളിൽ വേനൽക്കാലത്ത് കുടിവെള്ളത്തിനും കൃഷിക്കും വേണ്ടി വെള്ളം കണ്ടെത്തുന്നത് മുനയത്ത് ബണ്ട് നിർമിച്ചാണ്. ഇവിടെ സ്ഥിരം ബണ്ട് വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാറ്റുണ്ടുകളുടെ പഴക്കമുണ്ട്. സ്ഥിരം ബണ്ടിനോടൊപ്പം താന്ന്യം – കാട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിനായി ചെറിയ പാലം ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ അംഗീകരിച്ചെങ്കിലും നിർമാണത്തിൻ്റെ കാര്യങ്ങൾ ഇപ്പോഴും കടലാസ്സിൽ തന്നെയാണ് ഒരോ തിരഞ്ഞെടുപ്പു വരുമ്പോൾ ഫണ്ട് അനുവദിച്ചു വെന്ന് പറഞ്ഞ് ഉദ്ഘാടനം നടത്തി പൊതുജനങ്ങളെ കമ്പളിപ്പിക്കുകയല്ലാതെ മറ്റൊന്നും നടക്കാത്തത് ജനപ്രതിനിധികളുടയും, ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.
ഈ വർഷം താത്ക്കാലിക ബണ്ട് നിർമ്മാണം ആരംഭിച്ചെങ്കിലും മുൻവർഷങ്ങളിൽ ഉപയോഗിച്ച മുളയും മറ്റു വസ്തുക്കളുമാണ് ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴയിലും ഒഴുക്കിലും ഇവ എളുപ്പം കേടുവരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്ന് താന്ന്യം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ആന്റോ തൊറയൻ, രാമൻ നമ്പൂതിരി, പഞ്ചായത്ത് മെമ്പർ മിനി ജോസ് എന്നിവർ ആവശ്യപ്പെട്ടു.