കാഞ്ഞാണി: കനത്ത മഴയിൽ പാടശേഖരത്തിലെ വെള്ളം കുത്തിയൊഴുകിയതോടെ ഏനാമാവ് റെഗുലേറ്ററിലെ വളയം ബണ്ട് പൊട്ടി. കനോലി പുഴയിൽ നിന്ന് പാടശേഖരത്തേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാണ് ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ ദിവസം ബണ്ട് കെട്ടി സംരക്ഷിച്ചത്. അപ്രതീക്ഷിത മഴയിൽ പാടശേഖരത്ത് വെള്ളം നിറഞ്ഞതോടെ ഇവ കുത്തിയൊഴുകുകയാണ്. ബണ്ട് പൊട്ടിയതോടെ റെഗുലേറ്റർ തുറന്നു വിട്ടു. ഉപ്പുവെള്ളം കയറുന്നത് തടയാൻ ചരൽ ഉപയോഗിച്ചാണ് ബണ്ട് കെട്ടിയത്. ഇവ ഒലിച്ചു പോയി.
മഴയിൽ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി കനത്ത കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഏനാമാവ് റെഗുലേറ്ററിൽ കൂടി വളയം ബണ്ട് പൊട്ടിയതിനാലും ഷട്ടറുകൾ തുറന്നതിനാലും വെള്ളം കടലിലേക്ക് അതിവേഗത്തിൽ ഒഴുകിപ്പോകുന്നുണ്ട്. വർഷംതോറും ലക്ഷങ്ങൾ ചെലവഴിച്ചാണ് വളയം ബണ്ട് കെട്ടി സംരക്ഷിക്കുന്നത്. മഴ മാറിയാൽ ഉപ്പുവെള്ളം വീണ്ടും നിറയും. ഇത് നെൽകൃഷിയെ ബാധിക്കും. ഇത് തടയാൻ വീണ്ടും ലക്ഷങ്ങൾ മുടക്കി ബണ്ട് കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. ഓരോ വർഷവും വളയം ബണ്ട് നിർമിക്കുന്നത് മാറ്റി ശ്വാശ്വത പരിഹാരത്തിന് ഏനാമാവ് റെഗുലേറ്റർ നവീകരിച്ച് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി. സുരേഷ് കുമാർ, മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ എന്നിവർ ആവശ്യപ്പെട്ടു.