തളിക്കുളം: വിജ്ഞാന വിനിമയം ധാർമിക ബോധത്തിലധിഷ്ഠിതമായി നടക്കുമ്പോൾ മാത്രമാണ് മാതൃകായോഗ്യരായ തലമുറകളെ സൃഷ്ടിക്കാൻ കഴിയൂ എന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. വാടാനപ്പളളി ഇസ്‌റയുടെ കീഴിൽ തളിക്കുളത്ത് നിർമ്മിച്ച ത്വൈബ ഗാർഡൻ വിമൺസ് വില്ലേജിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപയോഗവും പ്രതിലോമ ചിന്തകളും വളർന്നു വരുന്ന തലമുറകളുടെ അസ്തിത്വം നഷ്ടപ്പെടുത്തുന്ന രൂപത്തിലേക്ക് വഴിമാറുന്നുണ്ട്. സ്ത്രീ സമൂഹത്തിനിടയിൽ ഇത്തരം പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നുണ്ട്. മാനവ ബോധത്തിലും നന്മയിലുമധിഷ്ഠിതമായ സ്ത്രീ ശാക്തീകരണ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്ത്രീകൾക്കിടയിൽ വ്യാപകമായി വളർന്നു പടരണം.
തലമുറകളുടെ സൃഷ്ടികർത്താക്കൾ എന്ന നിലക്ക് സമൂഹത്തിന്റെ നിർമാണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നവരെ ശരിയായ രീതിയിൽ പരിഗണിക്കുക തന്നെ വേണം. അത്തരം പ്രവർത്തനങ്ങൾക്ക് വലിയ ചുവടുവെപ്പാണ് ഇസ്‌റ ത്വൈബ ഗാർഡൻ വിമൺസ് വില്ലേജ് എന്ന് കാന്തപുരം പറഞ്ഞു. സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബാദുഷ സുൽത്താൻ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, ഇസ്‌റ സി ഇ ഒ നാസർ കല്ലയിൽ, സമസ്ത കേന്ദ്ര മുശാവറ മെമ്പർ താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ, മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, ഇസ്‌റ ചെയർമാൻ ജലാൽ ഹാജി, പ്രസിഡന്റ് ബഷീർ റഹ്‌മാനി, ജന:സെക്രട്ടറി ഹുസൈൻ തങ്ങൾ, പിഎംഎ റഹീം ഹാജി, ഡോ. കരീം വെങ്കിടങ്ങ്, പി.കെ. ബാവ ദാരിമി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ പി.എസ്. മുഹമ്മദ് അലി സ്വാഗതവും ഇസ്റ ഡീൻ റാഫി സഖാഫി നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ഇസ്‌റ പ്ലസ് ടു വിദ്യാർത്ഥികൾ പുറത്തിറക്കിയ മൊബൈൽ ആപ്പ്, ഇസ്‌റ വിമൺസ് കോളേജ് വിദ്യാർത്ഥിനികൾ പുറത്തിറക്കിയ മാഗസിൻ എന്നിവ പ്രകാശനം ചെയ്തു.