News One Thrissur
Updates

പുത്തൻപീടികയിൽ കാരുണ്യയുടെ രോഗീ ബന്ധു സംഗമം

പെരിങ്ങോട്ടുകര: രോഗങ്ങൾ ബാധിച്ചും അപകടത്തിൽ പരിക്കേറ്റും നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നവർക്കായി ആഘോഷിക്കാൻ ഒരു ദിനം. കാരുണ്യ വെൽഫെയർ & ചാരിറ്റബിൾ സൊസൈറ്റി പുത്തൻപീടികയുടെ നേതൃത്വത്തിലാണ് രോഗീ ബന്ധു സംഗമം നടത്തിയത്. കിടപ്പു രോഗികളെ സ്വകാര്യ വാഹനങ്ങളിലും ആംബുലൻസുകളിലുമായിട്ടാണ് സംഗമത്തിന് എത്തിച്ചത്. പ്രത്യേകം സജ്ജമാക്കിയ ഹാളിൽ കിടക്കേണ്ടവർക്കായി 12 കട്ടിലും കിടക്കയും, 16 വീൽ ചെയറും സജ്ജമാക്കി. 60 രോഗികളും അവരുടെ ബന്ധുക്കളുമാണ് സംഗമത്തിൽ പങ്കെടുത്തത്. കാൻസർ രോഗികൾ, പക്ഷാഘാതം പിടിപെട്ടവർ, ഗുരുതര അപകടം പറ്റിയവർ തുടങ്ങി വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവർക്ക് പ്രത്യാശ നൽകുന്നതായിരുന്നു സംഗമം. സ്വകാര്യ ആംബുലൻസുകളും പാലിയേറ്റിവ് കെയറിൻ്റെ ആംബുലൻസുകളും ഓട്ടോകളും സ്വന്തം വാഹനങ്ങളിലുമാണ് ഇവർ സംഗമ വേദിയിൽ എത്തിയത്. പാട്ടും, ആഘോഷവുമായി എല്ലാവരും ആഘോഷിച്ചു.

കട്ടിലുകളിൽ കിടന്നും വീൽച്ചെയറിൽ ഇരുന്നും ഇവർ ആഘോഷ പരിപാടികൾ കൺകുളിർക്കെ കണ്ടു. പലർക്കും ഒന്നിലധികം പേരുടെ സഹായമില്ലാതെ പുറത്തേക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതെല്ലാം മാറ്റിവെച്ച് അവർ ഒരിക്കൽ കൂടി ആ സംഗമ വേദിയിൽ മനം നിറഞ്ഞ് ആസ്വദിച്ചു. സംഗമത്തിൽ പങ്കെടുത്ത രോഗികൾക്ക് 1500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ കിറ്റുകൾ സമ്മാനമായി നൽകി. കലാപരിപാടികൾ അവതരിപ്പിക്കാൻ കലാകാരന്മാരും എത്തിയിരുന്നു.

സാക്സഫോൺ, വയലിൻ, ഗാനാലാപനം എന്നിവ ഒരുക്കിയിരുന്നു. അരിമ്പൂർ, മണലൂർ, അന്തിക്കാട്, താന്ന്യം, ചാഴുർ പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളാണ് സംഗമത്തിന് ബന്ധുക്കൾക്കൊപ്പം എത്തിയത്. സംഗമത്തിന്റെ ഉദ്‌ഘാടനം രോഗികൾ തന്നെ നിലവിളക്ക് തെളിയിച്ച് നിർവഹിച്ചു. സി.സി. മുകുന്ദൻ എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, കാരുണ്യ സെക്രട്ടറി ശ്രീമുരുകൻ അന്തിക്കാട്, പ്രസിഡന്റ് പാപ്പച്ചൻ ആന്റണി, പാലിയേറ്റീവ് കെയർ കൺവീനർ രാജീവൻ കെ.,ഡോ. ദേവി അർജുനൻ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സംഗമത്തിൽ കാരുണ്യക്ക് താങ്ങും തണലുമായി നിൽക്കുന്ന നൂറുക്കണക്കിന് പ്രദേശവാസികളും പങ്കെടുത്തു.

Related posts

കരുണാകരൻ അന്തരിച്ചു. 

Sudheer K

തിരുവല്ലയിൽ നിന്നും തട്ടിക്കൊണ്ടു പോയ 14 കാരിയെ കണ്ടെത്തി; തൃശൂർ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

Sudheer K

പാർവ്വതി മേണ്ടൾ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!