കാട്ടൂര്‍: മുനയത്തെ തകര്‍ന്ന താല്‍ക്കാലിക ബണ്ടിന്റെ പുനര്‍നിര്‍മാണം വൈകുന്നതുമൂലം കര്‍ഷകര്‍ ആശങ്കയില്‍. അപ്രതീക്ഷിത മഴ മൂലം കരുവന്നൂര്‍ പുഴയിലുണ്ടായ ഒഴുക്കിലാണ് ബണ്ട് തകര്‍ന്നത്. കോള്‍മേഖലയില്‍ ഓരുവെള്ളം കയറാതിരിക്കാനാണ് കരുവന്നൂര്‍ പുഴയും കനോലി കനാലും സംഗമിക്കുന്ന മുനയം ഭാഗത്ത് ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവിട്ട് താല്‍ക്കാലിക ബണ്ട് നിർമിക്കുന്നത്. ബണ്ട് പൊട്ടിയതറിഞ്ഞ് കാട്ടൂര്‍ പ്രസിഡന്റ് ടി.വി. ലതയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ച് പണിയുന്ന താൽക്കാലിക ബണ്ടില്‍ മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന മുളകള്‍ തന്നെയാണ് വീണ്ടും ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ജില്ലയിലെ കാര്‍ഷിക മേഖലയായ കാട്ടൂര്‍, കാറളം, അന്തിക്കാട്, പഴുവില്‍, താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍കൃഷിയെ ഓരുവെള്ളത്തില്‍നിന്ന് സംരക്ഷിക്കാനാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡല അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കനോലി കനാലും കരുവന്നൂര്‍ പുഴയും സംഗമിക്കുന്നിടത്ത് ബണ്ട് നിർമിക്കുന്നത്. താല്‍ക്കാലിക ബണ്ടിന് പകരം സ്ഥിരം ബണ്ട് നിര്‍മിക്കണമെന്നും നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.