കടപ്പുറം: പഞ്ചായത്തിലെ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ ലോകബാങ്ക് ഫണ്ട് പ്രയോജനപ്പെടുത്തി ടെട്രോപോഡ് ഉപയോഗിച്ച് ആധുനിക രീതിയില്‍ സംരക്ഷണഭിത്തി പണിയുന്നതിന്‍റെ ഭാഗമായി ലോക ബാങ്ക്, ഐ.ഡി.ആർ.ബി ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനക്കെത്തി. മന്ത്രി റോഷി അഗസ്റ്റിന് എന്‍.കെ. അക്ബര്‍ എം.എൽ.എ നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കടപ്പുറം പഞ്ചായത്തിലെ കടലേറ്റ ഭീഷണിക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിലേക്കാണ് 60.5 കോടി ടെട്രാപോഡ് ഉപയോഗിച്ച് 2.5 കിലോമീറ്റർ ദൂരം കടൽഭിത്തി നിര്‍മിക്കാനുള്ള പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചത്. കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരം എന്ന നിലയിലാണ് ലോകബാങ്കിന്‍റെ കൂടി ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തനം ആരംഭിച്ചിട്ടുള്ളതെന്ന് എം.എൽ.എയുടെ ഓഫിസിൽനിന്ന് അറിയിച്ചു.