വാടാനപ്പള്ളി: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി യൂത്ത് ലീഗിന്റെ പ്രതിഷേധം. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വാടാനപ്പള്ളിയിൽ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻ്റ് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് വർദ്ധനവിന് പിന്നിൽ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥ തയുമാണെന്ന് സനൗഫൽ പറഞ്ഞു. സാധാരണ ജനങ്ങൾക്കുമേൽ കോടിക്കണക്കിന് രൂപയുടെ ബാധ്യത അടിച്ചേൽപ്പിച്ച്, സ്വകാര്യ വൈദ്യുതി നിർമ്മാണ കമ്പനികൾക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. നികുതിഭാരം, വിലക്കയറ്റം തുടങ്ങിയ സാമ്പത്തിക ഞെരുക്കങ്ങളിൽ നട്ടം തിരിയുമ്പോഴാണ് ജനത്തിന്റെ പിരടിയിൽ സർക്കാറിന്റെ ഈ അധിക ബാധ്യതയെന്നും സനൗഫൽ പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.വൈ. ഹർഷാദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ്
പി.എം. ഷെരീഫ്, പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. അഹമ്മദ്, ജനറൽ സെക്രട്ടറി എ.എ. ഷജീർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് സമാൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എസ്. ഹുസൈൻ, ഗ്രാമ പഞ്ചായത്തംഗം രേഖ അശോകൻ, താഹിറ സാദിക്ക്, എ.എം. നിയാസ്, വി.എ. നിസാർ, എ.സി. അബ്ദു റഹിമാൻ, പി.എ. സിദ്ധീഖുൽ അക്ബർ, പി.എ. മുജീബ്, ആർ.എച്ച്. ഹാഷിം എന്നിവർ സംസാരിച്ചു.