എടവിലങ്ങ്: പഞ്ചായത്തിലെ ഐ.സി.ഡി.എസിന് കീഴിലെ അംഗൻവാടി ടീച്ചർ, ഹെൽപ്പർ തസ്തികൾക്ക് വേണ്ടി അർഹരെ ഒഴിവാക്കി എൽ.ഡി.എഫ് ഭരണസമിതിക്ക് വേണ്ടപ്പെട്ടവരെ മാത്രം നിയമിക്കുന്നതിന് തയാറാക്കിയ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
അഞ്ഞൂറോളം ഉദ്യോഗാർഥികൾ അപേക്ഷകരായി ഉണ്ടായിരുന്നു. ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്ക് പകരം പഞ്ചായത്ത് മെമ്പർമാരാണ് അഭിമുഖം നിയന്ത്രിച്ചത്. യോഗ്യരായ ഉദ്യോഗസ്ഥന്മാരെ വെച്ച് അഭിമുഖം വീണ്ടും നടത്തി പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.എസ്. മുജീബ് റഹ്മാൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഇ.കെ. സോമൻ, ഇ. എം. ജോസഫ് ദേവസി, സി.എ. റഷീദ്, മേരി ജോളി, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സി.എ. ഗുഹൻ, ഇ.എം. ആന്റണി, കെ.കെ. സഫറലി ഖാൻ, സരോജിനി ശിവദാസൻ, ബെന്നി കാവാലം കുഴി, നജിബ് പി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.