തൃശൂർ: കേരളത്തിലെ പോലീസ് സേന ആര്‍ജ്ജിച്ച കഴിവ് പെട്ടെന്ന് ഉണ്ടായതല്ലെന്നും അതിന് ഇരുണ്ടകാല ചരിത്രമുണ്ടെന്നും. ഇനിയും പോലീസിന്റെ സേവനം ജനസൗഹൃദമാകണമെന്നും മുഖ്യമന്ത്രി. പരിശീലനം പൂര്‍ത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിങ് ഔട്ട് പരേഡിന് കേരള പോലീസ് അക്കാദമിയില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
പോലീസിനെ ജനം ശത്രുക്കളായാണ് കണ്ടിരുന്നത്. പോലീസിനെ ഉപയോഗിച്ച രീതി കൊണ്ട് ഉണ്ടായതാണത്. ജനങ്ങളെ സേവിക്കുക എന്നതല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തുടര്‍ന്നുള്ള ഭരണം ഉറപ്പിക്കുന്നതിന് ജനങ്ങളെ ഒതുക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു. അതിനാലാണ് പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദന മുറകള്‍ സ്വീകരിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തരവും ഈ രീതി വിട്ടിരുന്നില്ല. കേരള സര്‍ക്കാര്‍ രൂപീകൃതമായതിനുശേഷമാണ് അതേവരെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമുണ്ടായത്.
കൂടുതല്‍ ജോലി, തുച്ഛമായ ശമ്പളം. ആനുകൂല്യം ഒന്നുമില്ല എന്നതായിരുന്നു അന്നത്തെ അവസ്ഥ. തൊഴില്‍ രംഗത്ത് പിരിച്ചുവിടല്‍ ഭീഷണിയും ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സമാധാനപരമായിപോലും സംഘിടിക്കാന്‍ പാടില്ലായിരുന്നു. സമാധാനപരമായ ജാഥ പോലും പോലീസ് തല്ലി പിരിക്കുമായിരുന്നു. അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ സ്റ്റേഷനിലും ലോക്കപ്പിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞവരെ ജാമ്യമെന്ന വ്യാജേന പുറത്തിറക്കി വകവരുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തൊഴില്‍ സമരത്തില്‍ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനമാണ് വലിയ മാറ്റത്തിന് തൂടക്കം കുറിച്ചത്. ഇപ്പോള്‍ വലിയ വിഷമതകള്‍, ദുരന്തമുണ്ടാകുമ്പോള്‍ ആശ്രയിക്കാവുന്ന സേനയായി പോലീസ് മാറി. പടിപിടിയായി വന്ന മാറ്റമാണിത്. പരിശീലനത്തിലൂടെ നേടിയെടുത്തതാണിത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ധാരാളം സേനയുടെ ഭാഗമാകുന്നു. പഴയതില്‍ നിന്ന് വ്യത്യസ്തമായ മുഖം പോലീസിനുണ്ട്. എന്നാല്‍ സേനയിലെ എല്ലാവരും അത്തരക്കാരാണെന്ന് കരുതേണ്ടതില്ല. സമൂഹത്തിലെ തെറ്റുകള്‍ സേനയിലും പ്രതിഫലിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അത്തരക്കാരോട് കര്‍ശനമായ നിലപാടെടുക്കും. അങ്ങനെ പിരിഞ്ഞു പോയവരും പുറത്താക്കപ്പെട്ടവരും ഉണ്ടായിട്ടുണ്ട്. മൃദു ഭാവേ ദൃഢ കൃതേ എന്ന പോലീസിന്റെ ആപ്തവാക്യം എപ്പോഴും ഓര്‍മ്മിക്കണം. ജനങ്ങളാണ് യജമാനന്മാര്‍. ആ മനോഭാവത്തോടെ ജനങ്ങളെ സേവിക്കണം. പെരുമാറ്റം കൊണ്ടും സ്നേഹം കൊണ്ടും മാതൃകാ പോലീസ്‌കാരാകണം. എന്നാല്‍ ചിലകാര്യങ്ങളില്‍ വിട്ട്വീഴ്ച ഉണ്ടാകരുത്. വര്‍ഗ്ഗീയ തീവ്രവാദ നിലപാടുകള്‍ക്കെതിരെ വിട്ട്വീഴ്ച ചെയ്യാന്‍ പാടില്ല. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍ക്കരുത്. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും പോലീസിന് കഴിയണം. നാടിന്റെ നന്മയെക്കരുതിയുള്ള നിലപാട് സ്വീകരിക്കണം. വളര്‍ന്നു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. വലിയതോതിലുള്ള മനുഷ്യത്വപരമായ സമീപനം പാലിക്കാന്‍ കഴിയട്ടേയെന്നും പരിശീലനം പൂര്‍ത്തിയാക്കിയ എസ്ഐ കേഡറ്റുകളെ മുഖ്യമന്ത്രി ആശംസിച്ചു സേനയിലേക്ക് സ്വാഗതം ചെയ്തു. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇന്‍സ്പെക്ടര്‍ പരിശീലനാര്‍ത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പോലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടില്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, ഐ.ജി.പി. & ഡയറക്ടര്‍ കേരള പോലീസ് അക്കാദമി എ അക്ബര്‍ എന്നിവരും സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശീലനാര്‍ത്ഥികളുടെ ബന്ധുമിത്രാദികളും ചടങ്ങ് വീക്ഷിക്കാനെത്തി. പരിശീലനത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് ചടങ്ങില്‍ മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
2023 നവംബര്‍ 14 നാണ് 31 എ ബാച്ച് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പരിശീലനം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചത്. ഒരു വര്‍ഷക്കാലത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ഔട്ട്ഡോര്‍ വിഭാഗത്തില്‍ പരേഡ്, ശാരീരികക്ഷമത പരിശീലനം എന്നിവയ്ക്ക് പുറമേ ഷീല്‍ഡ് & ലാത്തി ഡ്രില്‍, വണ്‍ മിനിറ്റ് ഡ്രില്‍, സെറിമോണിയല്‍ ഡ്രില്‍, സ്വോര്‍ഡ് ഡ്രില്‍, കെയിന്‍ ഡ്രില്‍, മോബ് ഓപ്പറേഷന്‍, ഒബ്സ്റ്റക്കിള്‍ കോഴ്സ്, ഫീല്‍ഡ് ക്രാഫ്റ്റ് & മാപ്പ് റീഡിംഗ്, ബോംബ് ഡിറ്റക്ഷന്‍ & ഡിസ്പോസല്‍, കരാട്ടേ, യോഗ, നീന്തല്‍, ഡ്രൈവിംഗ് എന്നിവയിലും വിദഗ്ധ പരിശീലനം നല്‍കി. കൂടാതെ എസ്ഒജിയുടെ കീഴില്‍ കമാന്റോ ട്രെയിനിംഗ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ്, കോസ്റ്റല്‍ സെക്യൂരിറ്റി ട്രെയിനിംഗ് എന്നിവയിലും അത്യാധുനിക ആയുധങ്ങളായ എകെ 47, താര്‍, ഇന്‍സാസ്, എസ്എല്‍ആര്‍, എല്‍എംജി, ഗ്ലോക്ക് പിസ്റ്റള്‍, 9എംഎം പിസ്റ്റള്‍, കാര്‍ബൈന്‍ എന്നിവയില്‍ ഫയറിംഗ് പരിശീലനവും നല്‍കി. ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടി ക്രമം, തെളിവ് നിയമം, മറ്റ് നിയമങ്ങള്‍, പോലീസ് സ്റ്റേഷന്‍ മാനേജ്മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്സ്, ഇന്റേണല്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, കംപ്യൂട്ടര്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ജെന്‍ഡര്‍ ന്യൂട്രല്‍സ് തുടങ്ങിയവരോടുള്ള പെരുമാറ്റം, പരിസ്ഥിതിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍, ഫസ്റ്റ് എയ്ഡ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സ് റൂം പരിശീലനവും നല്‍കിയിട്ടുണ്ട്.
കേരളം സമീപ കാലത്ത് നേരിട്ട പ്രളയകെടുതികള്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്റ് വിഷയത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന തരത്തിലുള്ള നവകേരള സൃഷ്ടിക്കായി പോലീസിന്റെ തൊഴില്‍ വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും, പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും പോലീസിന്റെ ആപ്തവാക്യമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’ അന്വര്‍ത്ഥമാക്കുന്നതിനും ഉതകുന്ന രീതിയിലുള്ള പരിശീലനമാണ് പരിശീലന കാലയളവില്‍ നല്‍കിയത്. കോസ്റ്റല്‍ സെക്യൂരിറ്റി പ്രായോഗിക പരിശീലനം കൊച്ചി നേവല്‍ ബേസിലും, ഫോര്‍ട്ട് കൊച്ചി തീരദേശ പോലീസ് സ്റ്റേഷനിലും, ഫോറന്‍സിക് മെഡിസിന്‍ പ്രായോഗിക പരിശീലനം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലന കാലയളവില്‍ തന്നെ പ്രായോഗിക പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2024 ലോകസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തൃശ്ശൂര്‍ ജില്ലയിലും, തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള ക്രമസമാധാനപാലന ഡ്യൂട്ടിക്കും ഇവരെ നിയോഗിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കന്ദംകുളത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വി.വി.ഐ.പി. ഡ്യൂട്ടിക്കും നിയോഗിച്ചിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രായോഗിക പരിശീലനവും നകിയിട്ടുണ്ട്. 141 പരിശീലനാര്‍ത്ഥികളില്‍ 56 പേര്‍ വിവാഹിതരാണ്. തിരുവനന്തപുരം 27, കൊല്ലം 20, പത്തനംതിട്ട 5, ആലപ്പുഴ 8, കോട്ടയം 8, ഇടുക്കി 2, എറണാകുളം 14, തൃശൂര്‍ 10, പാലക്കാട് 12, മലപ്പുറം 6, കോഴിക്കോട് 8, വയനാട് 4, കണ്ണൂര്‍ 10, കാസറഗോഡ് 7 എന്നിങ്ങനെയാണ് പരിശീലനാര്‍ത്ഥികളുടെ ജില്ല തിരിച്ചുള്ള കണക്ക്. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ പിഎച്ച്ഡി ഒന്ന്, ബിടെക് 41, എംടെക് 6, എംബിഎ 8, ബിരുദാനന്തരബിരുദം 24, ബിരുദം 60 പേര്‍ എന്നിങ്ങനെയാണ്.