ഇരിങ്ങാലക്കുട: കുറ്റാന്വേഷണ മികവിൽ പേരുകേട്ട തൃശ്ശൂർ റൂറൽ കെ 9 സ്ക്വാഡിലെ ഹണി എന്ന നായ ഓർമ്മയായി. പൊലീസ് ബഹുമതികളോടെ സംസ്കാരം നടത്തി. കുറ്റവാളികളെ പിടികൂടുന്നതിൽ അതീവ പ്രാഗല്ഭ്യമുള്ള ഹണി ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ്. എട്ടു വയസ്സായിരുന്നു. ഹരിയാനയിലെ ഭാനുവിലുള്ള നാഷണൽ ട്രെയിനിംഗ് ഫോർ ഡോഗ് ട്രെയിനിംഗ് സെൻ്ററിൽ നിന്ന് 9 മാസത്തെ ട്രാക്കർ വിഭാഗത്തിലെ ട്രെയിനിംഗ് 2017 സെപ്തംബറിൽ ഒന്നാം സ്ഥാനത്തോടെ പൂർത്തിയാക്കിയ ഹണി തൃശ്ശൂരിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചാലക്കുടി ഇടശ്ശേരി ജ്വല്ലറി മോഷണം നടത്തിയ ഹോളിഡേ റോബേഴ്സിനെ പിടികൂടുന്നതിനും മതിലകം കട്ടൻബസാർ കൊലപാതകവും അടക്കം നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്.
കേരള പോലീസ് ക്രൈം സ്ക്വാഡിന്റെ അഭിമാനമായ ഹണിക്ക് മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ കട്ടൻ ബസാറിൽ നടന്ന കൊലപാതക കേസിൽ നിർണായക തെളിവുകൾ ശേഖരിച്ചതിന് കേരള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ 2019ൽ ലഭിച്ചിട്ടുണ്ട്. 2020ൽ ഹണിയുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കേരള ഡിജിപിയുടെ എക്സലൻസി റിവാർഡ് മെഡലും ലഭിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് 25 ദിവസമായി മണ്ണുത്തി വെറ്റിറനറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹണി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ 10.20 ഓടെയാണ് മരിച്ചത്. ജിഎസ് സിപിഒ അജീഷ്, സിപിഒ അനീഷ് എന്നിവരായിരുന്നു ഹണിയുടെ ഹാൻഡ്ലേഴ്സ്. ഹണിയുടെ വേർപാട് പൊലീസ് സേനയ്ക്ക് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഹണിയെ അടുത്തറിയുന്നവർ പറഞ്ഞു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ്മ ഐപിഎസ്, അഡീഷണൽ എസ്പി വി എ ഉല്ലാസ് എന്നിവർ അന്തിമോപചാരം അർപിച്ചു. തൃശ്ശുർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, ഇരിങ്ങാലക്കുട സബ്ഡിവിഷൻ ഡിവൈഎസ്പി കെ ജി സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.