ചാവക്കാട്: ഓട്ടോയിൽ സഞ്ചരിച്ച് മദ്യ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. നിരവധി എക്സൈസ് കേസുകളിൽ പ്രതിയായ കുന്നംകുളം അടുപ്പൂട്ടി കുറുമ്പൂർ രതീഷ് (39) എന്ന ‘കാട രതീഷി’നെ ചാവക്കാട് എക്സൈസ് സംഘംപിടികൂടിയത്. ക്രിസ്മസ് പുതുവത്സരദിനത്തോടനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, ചൊവ്വല്ലൂർ പടിയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും 12 ലിറ്റർ മദ്യവും പിടി കൂടി. ഓട്ടോറിക്ഷയിലാണ് ഇയാൾ ചില്ലറ മദ്യം വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നംകുളം, ചാവക്കാട് എക്സൈസ് റേഞ്ചുകളിൽ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. മദ്യവിൽപ്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടികൂടി. പ്രതിയെ പിടി കൂടിയ സംഘത്തിൽ ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. സുദർശനകുമാർ,, അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബാഷ്പജൻ, എ.ബി. സുനിൽകുമാർ, ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.കെ. അനിൽ പ്രസാദ്, എ.ജോസഫ് എന്നിവർ പങ്കെടുത്തു. മയക്കുമരുന്ന് വ്യാജമദ്യത്തെ സംബന്ധിച്ച പരാതികൾ 8891284100 എന്ന നമ്പറിൽ വിളിച്ചറിയിക്കേണ്ടതാണ്.