തൃശൂർ: അന്തരിച്ച സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ്റെ ഒല്ലൂരിലെ വീട്ടിലെത്തി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ തന്നെ തൃശൂരിലെത്തിയ അദ്ദേഹം തൃശൂരിലെ ഹയാത്ത് ഹോട്ടലിൽ നിന്നുമാണ് ഇന്ന് രാവിലെ റോഡ് മാർഗം ഒല്ലൂരിലെ വീട്ടിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വി.എം. സുധീരൻ തുടങ്ങിയവരും എത്തി. മന്ത്രി കെ രാജനും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.