ചാഴൂർ: പശുവിന് പുല്ല് ശേഖരിക്കാൻ പാടത്ത് പോയ യുവാവ് പുല്ല് കെട്ടുകളുമായി സ്കൂട്ടറിൽ വരവെ പാടത്തെ തോട്ടിലേക്ക് വീണ് മരിച്ചു. ചാഴൂർ ദുബായ് റോഡിന് സമീപം തൊഴുത്തുംപറമ്പിൽ ബിനിൽ (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പള്ളിപ്പുറം പാടത്താണ് സംഭവം. രാവിലെ പുല്ല് ശേഖരിക്കാൻ പോയ ബിനിലിനെ ഉച്ച കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് പോവുകയായിരുന്നു. റോഡിനോട് ചേർന്നുള്ള ചെറിയ തോട്ടിലെ വെളളത്തിലേക്ക് പുല്ല് കെട്ടുകൾ സഹിതം മറിഞ്ഞു വീണ നിലയിൽ കാണപ്പെടുകയായിരുന്നു. സ്കൂട്ടറിനടിയിൽ പെട്ട് ശിരസ്സ് വെളളത്തിൽ മുങ്ങി മരണം സംഭവിച്ച നിലയിലായിരുന്നു. മൃതദേഹം ആദ്യം ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കും തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്കും മാറ്റി. ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അച്ഛൻ: പരേതനായ രാമദാസ്. അമ്മ: അംബിക. ഭാര്യ: ചിഞ്ചു. മകൻ: ഭഗത്. സഹോദരി: ബിൻടി.