തൃശൂർ: പൊതു ഇടങ്ങൾ സ്ത്രീകളുടേത് കൂടെയാണെന്നും എല്ലാ ജെൻഡറിൽ ഉള്ളവർക്കും ഒരേപോലെ പൊതുയിടങ്ങൾ ഉപയോഗപ്പെടുത്തുമെന്നും പ്രഖ്യാപിച്ച് കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ സംഘടിപ്പിച്ച ഓപ്പൺ ഫോറം. സ്ത്രീകൾ എല്ലാ രംഗത്തും ധീരമായി മുന്നേറുമ്പോൾ എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്ന കാഴ്ച്ചയാണ് കാണുന്നതെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ പറഞ്ഞു. പൊതുയിടത്തിൽ ഇടപെടുന്ന സ്ത്രീകൾ ആദ്യകാലത്ത് വിമർശനം നേരിടേണ്ടി വന്നെങ്കിലും അതിനെ അതിജീവിച്ചു മുന്നേറിയവരെ സമൂഹം ചേർത്ത് നിർത്തിയെന്നും അവർ അഭിപ്രായപ്പെട്ടു. പുതിയ കാലത്ത് നിരവധി സാങ്കേതികമായ അറിവ് വേണ്ട സംരഭ പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് വലിയ പങ്ക് വഹിക്കാനാവുമെന്നും ഓപ്പൺ ഫോറത്തിൽ അഭിപ്രായം ഉയർന്നു വിദ്യാസമ്പന്നരായ പുതിയ തലമുറ ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടു വന്നാൽ എല്ലാ വിഭാഗം ജനങ്ങളും ഒപ്പമുണ്ടാകുമെന്നും ഓപ്പൺ ഫോറത്തിൽ അഭിപ്രായം ഉയർന്നു. “പൊതുയിടത്തിൽ ലിംഗ സമത്വം യതാർഥ്യമാണോ” എന്നതായിരുന്നു ഓപ്പൺ ഫോറത്തിന്റെ വിഷയം.
ഓപ്പൺ ഫോറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. സലിൽ.യു അധ്യക്ഷനായി. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ കെ കെ പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മോനിഷ. യു, സ്നേഹിത കൗൺസിലർ സിജി എന്നിവർ സംസാരിച്ചു. സാമൂഹ്യ പ്രവർത്തക ഡോ. ഡി.ഷീല മോഡറേറ്റർ ആയി. കാര്യാട്ട് ഡ്രൈ ഫ്രൂട്സ് സംരംഭക അംബിക സോമസുന്ദരൻ, അഡ്വർടൈസിങ് കോൺസൾട്ടന്റ് കൃഷ്ണ കൃഷ്ണകുമാർ, വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് വിജയ് ഹരി, ഓട്ടോ ഡ്രൈവർ & കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പുഷ്പ. വി. കെ, വസ്ത്ര വ്യാപാരി & കുടുംബശ്രീ എ ഡി എസ് ചെയർപേഴ്സൺ സബ്ന ഷാനവാസ് എന്നിവർ ആയിരുന്നു പാനലിസ്റ്റുകൾ. തൃശൂർ ശക്തൻ മാർക്കറ്റിലെ വ്യാപാരികൾ, ഡ്രൈവർമാർബിസിനസ് കൺസൾട്ടന്റുമാർ , കുടുംബശ്രീ അംഗങ്ങൾ, തൃശൂർ സെന്റ് തോമസ്, സെന്റ് മേരീസ്, വിമല കോളേജ് എൻ എസ് എസ് വളണ്ടിയർമാർ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ ഓപ്പൺ ഫോറത്തിൽ പ്രതിനിധികളായി പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നവംബർ 25 മുതൽ ഡിസംബർ 23 വരെ സംഘടിപ്പിച്ച നയി ചേതന 3.0 യുടെ സമാപനമായാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്.