ആലപ്പാട്: നാടക, കല പ്രവർത്തകരായ കെ.എം.മുഹമ്മദ്, സജീവ് ചിറക്കോലി എന്നിവരുടെ സ്മരണാർഥം ചാഴൂർ ഗ്രാമീണ നാടകവേദിയുടെ നാടകോത്സവം 26 മുതൽ 30 വരെ ചാഴൂർ എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 5 ദിവസങ്ങളിലായി 10 നാടകങ്ങൾ അവതരിപ്പിക്കും. പ്രഭാഷണങ്ങൾ, നാടകഗാനങ്ങളുടെ അവതരണം എന്നിവയുണ്ടാകും. 26നു വൈകിട്ട് 5.30നു നടൻ ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് സംഗീതസംവിധായകൻ ബാബുരാജിന്റെ പാട്ടുകളും ജീവിതവും ആസ്പദമാക്കി ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ‘പാടുക പാട്ടുകാരാ…’എന്ന നാടകാവിഷ്കാരവും 8ന് അടാട്ട് പഞ്ചമി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ‘കവചിതം’ എന്ന നാടകവും അവതരിപ്പിക്കും. 27നു വൈകിട്ട് 6.30നു തോപ്പിൽ ഭാസി ജന്മശതാബ്ദിയും കെപിഎസിയുടെ 75–ാം വാർഷികാഘോഷവും മുൻ മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. രാത്രി 8നു ‘പ്ലാം യാ ല്യൂ ബ്യൂ യ്’, 28നു വൈകിട്ട് 6.30ന ‘ഊണിനു നാലണമാത്രം’, 7.30നു ‘ഒറ്റവരിയിൽ ഇത്രമാത്രം’, 29നു വൈകിട്ട് 6.30നു ‘മുംബൈയിലെ ഒരു ഉഷ്ണരാത്രിയിൽ’, 8.30നു ‘മിന്നുന്നതെല്ലാം’, 30നു വൈകിട്ട് 6.30നു ‘ജോസഫിന്റെ റേഡിയോ’, രാത്രി 8നു ‘നവരാഷ്ട്രകഥ’ എന്നീ നാടകങ്ങൾ അവതരിപ്പിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ അഡ്വ. ടി.ആർ. രമേഷ് കുമാർ, ജനറൽ കൺവീനർ മസൂദ്.കെ. വിനോദ്, ട്രഷറർ ബി.എ. ബെന്നി എന്നിവർ പങ്കെടുത്തു.