വാടാനപ്പള്ളി: തൃത്തല്ലൂർ കിഴക്കൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം. വാഴകൃഷിയും, തേങ്ങിൻതൈകളും, പച്ചക്കറികൃഷികളും കാട്ടുപന്നി വ്യാപകമായി നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ചാളിപ്പാട് ജയതിലകന്റെ കൃഷിയിടത്തിലെ വാഴകളും, തെങ്ങിൻതൈകളും, അടുത്തപറമ്പിലെ പച്ചപ്പയർകൃഷിയും കാട്ടുപന്നി ആക്രമണത്തിൽ നശിച്ചു. രണ്ടുമാസമായി കാട്ടുപന്നിയുടെ സാനിധ്യവും, അക്രമണവും നടന്നുവരുകയാണ്. നേരത്തെ ഏഴാം കല്ല് മേഖലയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് ഇടപ്പെട്ട് വെടി വെച്ച് കൊന്നിരുന്നു. പിന്നെ ശാന്തമായിരുന്നു. ഇതിനിടയിലാണ് വീണ്ടും കാട്ടുപന്നി നാശം വിതച്ച് കൃഷിയിടത്തിൽ ഇറങ്ങിയിട്ടുള്ളത്. നേരത്തെ നടുവിൽക്കരയിലും പൊലിസ് സ്റ്റേഷന് പടിഞ്ഞാറ് മേഖലയിലും കാട്ടുപന്നി ശല്യമുണ്ടായിരുന്നു. തൃത്തല്ലൂരിൽ കൃഷി നശിപ്പിക്കുന്ന ഈ വിരുതനെ നാട്ടുകാർ കണ്ടിരുന്നു. സന്ധ്യ സമയത്തും രാത്രിയിലുമാണ് ശല്യം രൂക്ഷം. നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയോട്, പലതവണ നേരിട്ടും പിന്നീട് രേഖാമൂലവും പരാതിനൽകിയിട്ടും ഒരുനടപടിയും എടുക്കാത്തതിലും, അധികൃതരുടെ അനാസ്ഥയിലും, നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി നാട്ടുകാർ പറഞ്ഞു.