പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ചൊവ്വാഴ്ച്ച രാത്രി 11:30ന് യേശുവിന്റെ തിരുപ്പിറവിയുടെ ശുശ്രൂഷകൾ ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ മുഖ്യകാർമികത്വം വഹിച്ചു. ഉണ്ണിയേശുവിന്റെ തിരുരൂപം വഹിച്ചുള്ള പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുകർമ്മങ്ങൾക്കുശേഷം സമൂഹ നോമ്പുതുറയും ഉണ്ടായിരുന്നു. പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ആന്റോ മേയ്ക്കാട്ടുകുളം, ടിന്റോ ജോസ്, അനിൽ ആന്റണി, വിവിധ സംഘടനകൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
യുവജന സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച ക്രിസ്തുമസ് ക്രിബ് ഒരു മനോഹര കാഴ്ചയായിരുന്നു. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കരോൾ മത്സരം, കെ.എൽ.എം. സംഘടനയുടെ നേതൃത്വത്തിൽ നക്ഷത്ര നിർമ്മാണ മത്സരം, ഇടവക കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ട്രീ മത്സരം, ഗായകസംഘത്തിന്റെ നേതൃത്വത്തിൽ കരോൾ ഗാനമത്സരം തുടങ്ങിയവ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റുകൂട്ടി.