തിരുവനന്തപുരം: ഇത്തവണ ക്രിസ്മസിന് കേരളം പുതിയൊരു റെക്കോർഡിട്ടു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ബെവ്കോ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2 ദിവസങ്ങളിലായി സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ നടന്നത് റെക്കോർഡ് മദ്യവിൽപ്പനയാണ്. ആകെ 152.06 കോടിയുടെ മദ്യമാണ് ഈ വർഷം വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനം വർധനവാണ് ഈ പ്രാവശ്യം ഉണ്ടായിരിക്കുന്നത്.
ഈ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബർ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 25 ലെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിൻറെ വർധനവാണ് ഇത്തവണയുണ്ടായത്. ഈ വർഷം ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിൻറെ വർധനവാണ് ഇത്തവണയുണ്ടായത്. എന്നിരുന്നാലും ഇത് എക്കാലത്തെയും ഉയർന്ന കണക്കുകളല്ല. ഏതാനും മാസങ്ങൾക്കുമുമ്പ് ഓഗസ്റ്റിലെ ഓണക്കാലത്ത് കേരളത്തിൽ വിറ്റഴിച്ചത് 818 കോടിയോളം രൂപയുടെ മദ്യമായിരുന്നു.