അരിമ്പൂർ: കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച വിളക്ക് എഴുന്നള്ളിപ്പ് അരിമ്പൂർ സെൻ്റർ വലംവെച്ച് തിരികെ നടപ്പന്തലിലെത്തി. പുറനാട്ടുകര ബ്രദേഴ്സിൻ്റെ ശാസ്താംപാട്ട്, അയ്യന്തോൾ ബ്രഹ്മ കലാലയത്തിൻ്റെ തെയ്യം, കാസർഗോഡ് വെസ്റ്റേൺ കലാസമിതിയുടെ സഹസ്രവിളക്ക്, പറവൂർ വടക്കുന്നാഥൻ ടീമിൻ്റെ മന്നം കാവടി, അരിമ്പൂർ വിനായകയുടെ പീലിക്കാവടി എന്നിവ ഘോഷയാത്രയെ മനോഹരമാക്കി. നിശ്ചല ദൃശ്യങ്ങളും, നാദസ്വരവും, ശിങ്കാരിമേളവും ഉണ്ടായിരുന്നു. തുടർന്ന് അന്നദാനവും നടന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചന്ദനം ചാർത്തും നടത്തി. രാധാകൃഷ്ണൻ കൂട്ടാല മഠത്തിൻ്റെ നേതൃത്വത്തിലായിരുന്നു ചന്ദനം ചാർത്തൽ. ആഘോഷ ചടങ്ങുകൾക്ക് കമ്മറ്റി ഭാരവാഹികളായ സുരേഷ് ചക്കുംകുമരത്ത്, ശശികുമാർ പാലിശേരി, സന്തോഷ് തെക്കെപ്പുള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.
previous post
next post