തൃശൂർ: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവെച്ചു. തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളജിന് ചരിത്ര നേട്ടം. അക്കിക്കാവ് സ്വദേശിനിയായ 74 വയസ്സുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍വ് മാറ്റിവയ്ക്കുക എന്നത് രോഗികള്‍ക്ക് വളരെയേറെ ഗുണപ്രദമാണ്.
കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജിയിലെ ഡോക്ടര്‍മാരായ ആൻ്റണി പാത്താടന്‍, ബിജിലേഷ്, ഹരികൃഷ്ണ, നിതിന്‍, എന്നിവരും അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ അമ്മിണികുട്ടി, അരുണ്‍ വര്‍ഗീസ്, ആതിര, ശ്രീലക്ഷ്മി എന്നിവരും ചേര്‍ന്ന് 3 മണിക്കൂറോളം നേരമെടുത്താണ് വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്. ചികിത്സയ്ക്ക് ശേഷം നടത്തിയ പരിശോധനകളില്‍ വാല്‍വ് വളരെ നന്നായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. രോഗി സുഖം പ്രാപിച്ചു വരുന്നു.