അരിമ്പൂർ: ദുർഗന്ധം വമിക്കുന്ന രീതിയിൽ മാസങ്ങൾ പഴക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ച ചപ്പാത്തി വില്പനക്കട പഞ്ചായത്ത് പൂട്ടിച്ചു. പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരിമ്പൂർ ഉഷ സ്റ്റോപ്പിന് സമീപമുള്ള കടക്കെതിരെ നടപടിയെടുത്തത്. ഉടമ അരിമ്പൂർ സ്വദേശിനി ചേന്നാട്ട് രജനിക്ക് 5000 രൂപ പിഴയടക്കാൻ നോട്ടീസും നൽകി. കടയുടെ പുറക് ഭാഗത്ത് വലിയ ടാങ്കിൽ വെള്ളത്തിൽ കുതിർന്ന നിലയിലാണ് കേടുവന്ന ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചിരുന്നത്. കടയുടെ ഉൾഭാഗവും വൃത്തിഹീനമായ നിലയിലായിരുന്നുവെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. മുൻപ് ഇവരുടെ തന്നെ സമീപത്തുള്ള ബേക്കറിയിൽ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി കട പൂട്ടിച്ചിരുന്നു. അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി റെനി പോളിൻ്റെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ ചപ്പാത്തി വില്പനക്കട അടപ്പിച്ചത്. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. കവിത , കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ, ജെ.എച്ച് ഐ.മാരായ റീന, നവ്യ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
previous post
next post