കാഞ്ഞാണി: വാഹന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപകടരഹിതയാത്ര എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം പോലീസും മോട്ടോർ വാഹന വകുപ്പും കാഞ്ഞാണി തൃശ്ശൂർ സംസ്ഥാന പാതയിൽ സംയുക്ത പരിശോധന നടത്തി. തൃശ്ശൂർ എം ഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥരും അന്തിക്കാട് പോലീസും ചേർന്നാണ് വാഹന പരിശോധന നടത്തിയത്. അമിതവേഗം, അമിത ഭാരം കയറ്റിയുള്ള വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാതെയും മറ്റുമുള്ള യാത്ര.തുടങ്ങി മോട്ടോർ വാഹന നിയമ ലംഘനങ്ങളാണ് വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നത്. എല്ലാദിവസവും രാവിലെ 8 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണ് പരിശോധന നടക്കുന്നത്. വിവിധ പ്രദേശങ്ങളിൽ പോലീസുമായി സഹകരിച്ച് നടക്കുന്ന പരിശോധനകൾ വലിയ ഗുണം ചെയ്യുന്നതായി മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു. അപകടരഹിതമായ യാത്ര എന്ന ലക്ഷ്യത്തിലേക്ക് എത്താൻ യാത്രക്കാരുടെ ഭാഗത്തുനിന്നു തന്നെ വലിയ പരിശ്രമങ്ങൾ ഉണ്ടാകണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തൃശൂർ
എംഫോഴ്സ്മെൻ്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സുമേഷ് തോമസ്, അന്തിക്കാട് എസ്ഐ വി.എസ്. ജയൻ, സിവിൽ പോലീസ് ഓഫീസർ പി.ജിനേഷ്. എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.