അരിമ്പൂർ: അരിമ്പൂർ പഞ്ചായത്തിൻ്റെ വയോ സേവന രംഗത്ത് ഇനി കുട്ടികളുടെ വളൻ്റിയർ സേനയും. ശനിയാഴ്ച നടന്ന കുടുംബശ്രീ ബാലസഭയുടെ ആഘോഷ പരിപാടിയിലാണ് വളൻ്റിയർ സേന രൂപീകരിച്ചത്. തുടർന്ന് കുട്ടി സേനക്കാവശ്യമായ പരിശീലനവും നൽകി. വ്യത്യസ്തങ്ങളും നൂതനങ്ങളുമായ പരിശീലനമാണ് കുട്ടികൾക്ക് നൽകിയത്. ആയിരം വളൻ്റിയർമാരെ സാമൂഹിക സേവനത്തിന് ഒരുക്കുന്നതിൻ്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച ബാലസഭയിലാണ് 50 കുട്ടി വളൻ്റിയർ സന്നദ്ധരായി വന്നത്.പരിശീലനത്തെ തുടർന്ന് പഞ്ചായത്തിലെ കിടപ്പുരോഗികളെ കുട്ടി വളൻ്റിയർമാർ സന്ദർശിച്ചു. കിടപ്പുരോഗികൾക്ക് ആവശ്യമായ സേവനങ്ങൾ കുടുംബങ്ങളിൽ എത്തിക്കുന്നതിന് കുട്ടി വളൻ്റിയർമാരും ഇനി കൂട്ടുണ്ടാകും. ബാല തല മുറകളുടെ സംഗമം എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് മുന്നോടിയായാണ് കുട്ടികളുടെ സേന രൂപീകരിച്ചത്. തലമുറകളുടെ സാംസ്കാരിക കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ജിജി ബിജു അധ്യക്ഷയായി. കുട്ടികളുടെ വളണ്ടിയർ പരിശീലനം ഡോ: സി.കെ. വിദ്യാസാഗർ കുട്ടി വളൻ്റി യർമാർക്ക് പരിശീലനം നൽകി. മാനസികാരോഗ്യപരിപാലനത്തിന്റെ പ്രത്യേകതകളെ കുറിച്ച് വി.കെ. ഉണ്ണികൃഷ്ണൻ, ടി.കെ. രാമകൃഷ്ണൻ, ജെൻ്റർ റിസോഴ്സ് പേഴ്സൺ എം.സി. അനുരാഗി എന്നിവർ ക്ലാസെടുത്തു. കെ. രാഗേഷ്, സി.പി. പോൾ, ശോഭാ സുരേഷ്, ഗോപിക ഷിസിൻ, എന്നിവർ സംസാരിച്ചു.