കാഞ്ഞാണി: എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിലെ സംയുക്ത തിരുനാൾ ഈ മാസം മൂന്ന്, നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഫാ. റോയ് ജോസഫ് വടക്കൻ, ജനറൽ കൺവീനർ ജെൻസൻ ജെയിംസ്, കൈക്കാരൻ വർഗീസ് പ്ലാക്കൻ, പി.ആർ.ഒ ഏ.ജെ. വിൻസൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് വൈകീട്ട് നാലിന് തിരുനാളിനെത്തുന്ന എല്ലാവർക്കും സൗജന്യമായി റോസാപ്പൂക്കൾ നൽകും. ഇതിനായി കർണാടകയിലെ വിവിധ റോസാപ്പൂന്തോട്ടങ്ങളിൽനിന്ന് 10,000 റോസാപ്പൂക്കൾ ശേഖരിച്ചു. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് റോസാപ്പൂക്കളുടെ വിതരണോദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് വരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന എല്ലാ വൃക്കരോഗികൾക്കും ഇടവകയിലെ എറവ് ലിറ്റിൽ ഫ്ലവർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായ ഡയാലിസിസുകൾ നൽകും.
നാലിന് നടക്കുന്ന അമ്പുതിരുനാൾ ദിവസം രാവിലെ ഏഴിന് വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക് കുഞ്ഞുടുപ്പ് സമർപ്പണവും ഈ പുണ്യവതിയുടെ ജന്മദിനാഘോഷവും നടത്തും. തൃശൂരിലെ അനാഥാലയങ്ങളിലെ കുട്ടികൾക്കും ഒരു സ്ഥാപനത്തിലെ കിടപ്പുരോഗികൾക്കും ഇടവകക്കാരുടെ തിരുന്നാൾ കാരുണ്യ ധനസഹായം സമർപ്പിക്കും. തുടർന്ന് വീടുകളിലേക്ക് ആരംഭിക്കുന്ന അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി 10ന് സമാപിക്കും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച ഇടവകയിലെ വീടുകളിൽ തയ്യാറാക്കുന്ന സ്നേഹത്തിന്റെ തിരുനാൾ പൊതിച്ചോറ് സമർപ്പണം രാവിലെ 9.30ന് തുടങ്ങും. ജല്ലയിലെ വിവിധ അനാഥലയങ്ങളിലെ അന്നേ ദിവസത്തെ ഉച്ചഭക്ഷണം എറവ് ഇടവകയിൽ നിന്നുള്ള ഈ തിരുനാൾ വിഭവ ഭക്ഷണമായി നൽകും. ജനുവരി ആറിന് പൂർവിക സ്മരണ, കുർബാന, ഒപ്പീസ്. രാത്രി ഏഴിന് സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേള എന്നിവയാണ് പരിപാടികൾ.