തൃപ്രയാർ: എൽഡിഎഫ് ഭരിക്കുന്ന നാട്ടിക ഗ്രാമപഞ്ചായത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഒഴിവ് വന്നതിൽ യു.ഡി.എഫിൻ്റെ ശ്രീദേവി മാധവൻ തെരഞ്ഞെടുക്കപ്പെട്ടു.14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഒൻപതാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടിയിരിന്നു.അഞ്ച് അംഗങ്ങൾ മാത്രമുള്ള സി.പി.എം തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴും തുടരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് പത്താം വാർഡിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ശ്രീദേവി മാധവനാണ് പുതിയ ചെയർപേഴ്സനായിട്ടുള്ളത്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അംഗ സംഖ്യ പോലും ഇല്ലാതായ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലു വിളിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പി.എം സിദ്ദിഖ് ഖദർ ഷാൾ അണിയിച്ചു ശ്രീദേവി മാധവനെ അഭിനന്ദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ. വിജയൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വിനു, എ.എൻ. സിദ്ധപ്രസാദ്, ജീജ ശിവൻ, സി.എസ്. മണികണ്ഠൻ, പി.സി. മണികണ്ഠൻ, കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, റസീന ഖാലിദ്, പി.കെ. നന്ദനൻ, പ്രഭാഷ്, കൃഷ്ണകുമാർ പങ്കെടുത്തു.
next post