തളിക്കുളം: പുതിയ ദേശീയ പാത ടിപ്പു സുൽത്താൻ റോഡിലേക്ക് പ്രവേശിക്കുന്ന കലാഞ്ഞി ഭാഗത്ത് പൈപ്പ് പൊട്ടിയുള്ള റോഡിലെ കുഴിമൂലം വാഹനങ്ങൾ അപകട ഭീഷണിയിൽ. നിർമാണ പ്രവർത്തനങ്ങൾക്കായി ടിപ്പറുകൾ ടിപ്പു സുൽത്താൻ റോഡിലേക്ക് ഇറക്കുന്ന ഭാഗത്താണ് 15 മീറ്ററിനുള്ളിൽ ആറിടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം കുത്തിയൊലിച്ച് റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ടുള്ളത്. വെള്ളം ഒഴുകുന്നതോടെ ചളി നിറഞ്ഞ് വഴുക്കലുമുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക്, സൈക്കിൾ യാത്രക്കാർക്ക് വാഹനം തെന്നിവീണ് പരിക്കേറ്റിരുന്നു. കുഴിമൂലം വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്. വേഗത കുറച്ച് പോയില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന അവസ്ഥയാണ്. ഒരു മാസത്തിലേറെയായി പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകുകയാണ്. ദേശിയ പാത നിർമാണ സ്ഥലത്തേക്ക് നിർമാണ സാമഗ്രികളുമായി ലോറികളും മണ്ണ് മാന്തി യന്ത്രങ്ങളും ക്രെയിനും ഇതുവഴിയാണ് പോകുന്നത്. ഹൈവേയിലേക്ക് പ്രെവേശിക്കുന്ന ഭാഗത്ത് താഴ്ച്ച മൂലമാണ് ഭാരം കയറ്റി പോകുന്ന ലോറികൾ കടന്നുപോകുന്നതോടെ പൈപ്പും റോഡും തകർന്ന് കുഴികൾ രൂപപ്പെടാൻ കാരണം. പൊട്ടിയ പൈപ്പുകൾ നന്നാക്കണമെങ്കിൽ ഗതാഗതം തടയേണ്ടതുണ്ട്. ഇത് ഹൈവേ നിർമാണത്തെ ബാധിക്കും. ഇതാണ് പൊട്ടിയ പൈപ്പ് മാറ്റുന്ന ജോലിക്ക് തടസമാകുന്നതെന്നാണ് സൂചന. പൈപ്പ് നന്നാക്കുകയോ കുഴികൾ അടച്ചില്ലെങ്കിലോ അപകടം വർധിക്കാനും സാധ്യതയുണ്ട്. പൊട്ടിയ പൈപ്പുകൾ അടിയന്തിരമായി നന്നാക്കി റോഡിലെ കുഴികൾ അടക്കണമെന്ന ആവശ്യം ശക്തമാണ്.
previous post