തൃശ്ശൂർ: വിവരാവകാശ രേഖകൾ അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ മാടക്കത്തറ വില്ലേജ് ഓഫീസർ പോളി ജോർജ്ജ് വിജിലൻസ് പിടിയിൽ. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ പരാതിക്കാരനോട് പോളി ജോർജ് കൈക്കൂലിയായി 3000 രൂപ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന് പരാതി നൽകിയത്. തുടർന്ന് വിജിലൻസ് നൽകിയ ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ പോളി ജോർജിന് കൈമാറുന്നതിനിടെയാണ് പോളി ജോർജ് പിടിയിലായത്. വിജിലൻസ് ഡി വൈഎസ് പി ജിം പോൾ, ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ് ഐ മാരായ ബൈജു, കമൽ ദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ,വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ഡ്രൈവർ രതീഷ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.