തൃപ്രയാർ: വലപ്പാട് ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ 2023-24ലെ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷംരൂപ ചെലവഴിച്ച് നിർമിച്ച വാഴൂർ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിഖ് ഉദ്ഘാടനം ചെയ്തു. മൂന്നര പതിറ്റാണ്ടിലേറെയായി പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്താൻ പലവിധ തടസം നേരിട്ടതിനെ തുടർന്ന് ജനങ്ങൾക്ക് ഈ റോഡിൽ ദുരിതയാത്രയായിരുന്നു. ഫണ്ട് അനുവദിച്ച് നിർമാണം പൂർത്തിയായതോടെ ജനങ്ങളുടെ ദുരിത യാത്രക്ക് പരിഹാരമായി. 520മീറ്റർ റോഡിൻ്റെ ആദ്യ ഘട്ടം 320 മീറ്റർ നിലവിൽ പണി പൂർത്തികരിച്ചു തുറന്നു നൽകി. ബാക്കി ഭാഗം ഈ വർഷംതന്നെ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് വി.ആർ ജിത്ത് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രില്ല സുധി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികദേവൻ, വാർഡ് മെംബർ കെ.കെ. പ്രഹർഷൻ, ജനപ്രതിനിധികളായ ഇ.പി അജയഗോഷ്, മണി ഉണ്ണികൃഷ്ണൻ, അനിത കാർത്തികേയൻ, അനിത തൃദീപ്കുമാർ, വാഴൂർ റോഡ് നിവാസികൾ, പൊതുപ്രവർത്തകർ പങ്കെടുത്തു.