തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ശ്മശാനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം തികച്ചും ബാലിശം. പഞ്ചായത്ത് പ്രസിഡൻ്റിനെതിരായി വ്യക്തിപരമായി വന്ന ഈ ആരോപണത്തിനെതിരെ പൊലീസിലും കോടതിയിലും പരാതി നൽകുമെന്ന് എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് ഭരണകാലത്തെ നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ടുള്ള അഴിമതി വിജിലൻസ് അന്വേഷിക്കുന്നത് യുഡിഎഫിൻ്റെ ഉറക്കം കെടുത്തുന്നുണ്ട്. പഞ്ചായത്തി രാജ് ചട്ടം അനുസരിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയുമെന്നിരിക്കെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ നടത്തുന്നത് യുഡിഎഫിൻ്റെ പാപ്പരത്തമാണ് കാണിക്കുന്നത്. നാട്ടിക പഞ്ചായത്തിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സമരാഭാസങ്ങൾ തികച്ചും രാഷ്ടീയ പ്രേരിതമാണ്.മാർച്ച് 31 ഓട് കൂടി എൽഡിഎഫ് ഭരണസമിതിയുടെ കഴിഞ്ഞ നാല് വർഷത്തെ വിവിധ വികസന പ്രവർത്തന പൂർത്തീകരണവും ഉദ്ഘാടനവും നടക്കുകയാണ്. നാട്ടികയുടെ മുഖച്ചായ മാറ്റുന്ന തൃപ്രയാർ ബസ്സ്റ്റാൻ്റ് നിർമ്മാണം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.110 വീടുകൾ ലൈഫ് പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ചു. ഗവ.ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സിന്തറ്റിക്ക് ട്രാക്ക്, ഫിഷറീസ് എൽ പി സ്കൂൾ പ്രിപ്രൈമറി കെട്ടിടം, നാട്ടിക എഫ്എച്ച്സി പുതിയ ബ്ലോക്ക്, നാലാം വാർഡ് അമ്പേദ്കർ നഗർ സാംസ്കാരിക നിലയം,നാട്ടിക പതിനാലാം വാർഡിലെ വനിതാ ഫിറ്റ്നസ് സെൻ്റർ,മാലിന്യ സംസ്കരണത്തിന് പുതിയ കെട്ടിടം, അങ്കണവാടികളുടെ നവീകരണം, സബ് സെൻ്ററുകളുടെ നവീകരണം, ഹാപ്പിനെസ് പാർക്കുകൾ, ജൂബിലി മന്ദിരം കമ്യൂണിറ്റി ഹാൾ, പത്ത് വാർഡുകളിലെ വാട്ടർ കിയോസ്കുകൾ, നീന്തൽ പരിശീലന കേന്ദ്രം(വെള്ളാട്ട് ചിറ) എന്നിവയാഥാർത്ഥ്യമായി.10 വർഷക്കാലം നാട്ടിക പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്ന യുഡിഎഫ് ജാള്യത മറക്കുവാനാണ് ഈ ഘട്ടത്തിൽ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും നേതൃത്വം കൊടുക്കുന്ന പ്രസിഡൻ്റിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നത്.ഇത് നാട്ടികയിലെ ജനങ്ങൾ തിരിച്ചറിയും. പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, എൽഡിഎഫ് നേതാക്കളായ കെ.ബി. ഹംസ, അനിൽകുമാർ കൊടപ്പുള്ളി, ടി.വി. ശ്രീജിത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു