നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുത്’; രണ്ട് ക്ലബ്ബുകൾക്ക് ചാവക്കാട് പോലീസിൻ്റെ നോട്ടീസ്.
ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയ്ക്കിടെ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന മണത്തല, വട്ടേക്കാട് നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് കാണിച്ച് രണ്ട് ക്ലബ്ബുകൾക്ക് ചാവക്കാട് പോലീസിന്റെ നോട്ടീസ്. ബ്ലാങ്ങാട് മിറാക്കിൾ, എച്ച്.എം.സി എന്നീ ക്ലബുകൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. കഴിഞ്ഞ ദിവസം നടന്ന എടക്കഴിയൂർ നേർച്ചയ്ക്കിടയിൽ ഇരു ക്ലബ്ബുകളിലെയും അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്തതായും അന്വേഷണം നടന്നുവരുന്നതായും പോലീസ് അറിയിച്ചു. എടക്കഴിയൂർ നേർച്ചക്കിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തിരിച്ചടി ഉണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വരാനിരിക്കുന്ന നേർച്ച ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് കാണിച്ച് ചാവക്കാട് പോലീസ് ക്ലബ്ബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയത്. ഈ ക്ലബ്ബുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ചാവക്കാട് ഇൻസ്പെക്ടർ വി.വി. വിമൽ അറിയിച്ചു.