പീച്ചി: റിസർവോയറിന്റെ കൈവഴിയിൽ വെള്ളത്തിൽ മുങ്ങിയ വിദ്യാർഥിനി മരിച്ചു.ഒപ്പം അപകടത്തിൽപ്പെട്ട 3 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുൾപ്പെടെ 4 പേരാണ് അപകടത്തിൽപ്പെട്ടത്. പട്ടിക്കാട് ചുങ്കത്ത് ഷാജൻ–സിജി ദമ്പതികളുടെ മകൾ അലീന(16)യാണു മരിച്ചത്. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലർച്ചെ 12.30ന് അലീന മരിക്കുകയായിരുന്നു. പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവരാണ‍് അപകടത്തിൽപെട്ട മറ്റു കുട്ടികൾ. ഗുരുതരാവസ്ഥയിലുള്ള ഇവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചതായി ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30ന് അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ.
ഡാമിലെ ജലസംഭരണി കാണാൻ 5 പേർ ചേർന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. പാറക്കെട്ടിനു താഴെയായതിനാൽ ഈ ഭാഗത്ത് ആഴം കൂടുതലാണ്. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പത്തോളം പേർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി. നാലുപേരെയും പത്തുമിനിറ്റിന്റെ ഇടവേളയിൽ കരയ്ക്കെത്തിച്ചു. ഒരു കിലോമീറ്ററകലെ ആംബുലൻസ് ഡ്രൈവർ റിജോ പൗലോസിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി ആംബുലൻസ് ഡ്രൈവർമാർ ഒത്തുകൂടിയിരുന്നു. അവരും പാഞ്ഞെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാംക്ലാസിലും മറ്റു മൂന്നുപേരും പ്ലസ് വണിനും പഠിക്കുന്നവരാണ്.