കാഞ്ഞാണി: അനധികൃതമായി മണലൂർ പഞ്ചായത്ത് ഓഫീസിൻ്റെ മുൻഭാഗത്ത് സ്റ്റിക്കർ വർക്ക് നടത്തിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ദീപ രമേഷിനെ ഉപരോധിച്ചു. രണ്ട് മണിക്കൂർ ഉപരോധം തുടർന്നു. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിർബന്ധ പ്രകാരമാണ് യാതൊരു കേടുപാടുകളും ഇല്ലാത്ത എസിപി പ്രവർത്തിക്കു മുകളിൽ സ്റ്റിക്കർ ഒട്ടിക്കൽ നടത്തിയത്. ഈ പ്രവർത്തി നടത്തേണ്ടതില്ലെന്നും പഞ്ചായത്തിന് അധിക ചെലവ് വരുന്ന താണെന്നും കാണിച്ച് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എൽഡിഎഫ് അംഗങ്ങൾ ഒപ്പ് വച്ച പരാതി സെക്രട്ടറിക്ക് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ചു കൊണ്ട് പ്രസിഡൻ്റ് സൈമൺ തെക്കത്തിൻ്റെ നേതൃത്വത്തിൽ നിർമ്മാണ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയറോ, ഓഫീസ് പുന:രുദ്ധാരണം പദ്ധതി നടപ്പിലാക്കാൻ ഏറ്റെടുത്ത കോൺട്രാക്റ്ററോ അറിയാതെയാണ് വർക്ക് നടത്തിയത്. ഈ പണി നടത്തിയർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസിന് പരാതി നൽകി. പ്രവർത്തി നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി പോലീസിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാഗേഷ് കണിയാംപറമ്പിൽ, ഷാനി അനിൽകുമാർ, ഷേളി റാഫി, ബിന്ദു സതീഷ്, സിമി പ്രദീപ്, സിജുപച്ചാംപുള്ളി, എൽഡിഎഫ് കൺവീനർ എം.ആർ. മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, കെ.വി. വിനോദൻ. കെ.വി. ഡേവീസ്, വി.ജി. രാധാകൃഷ്ണൻ, ട്ടി.ഡി. ജോസ്, വി.വി. സജീന്ദ്രൻ, വി.വി. പ്രഭാത്, പി.കെ. പ്രസാദ്, ധനമോൻ മഠത്തിപറമ്പിൽ, പി.ബി. ജോഷി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
previous post