പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ജനുവരി 17, 18, 19 തിയ്യതികളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുനാളിന്റെ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം, ജനുവരി 17, വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം, സ്വന്തം കിഡ്നി ദാനം ചെയ്ത് ഒരു ജീവിതത്തിന് പുതുജീവൻ നൽകിയ പൊതുപ്രവർത്തകനായ ഷൈജു സായ്റാം നിർവഹിച്ചു.
അങ്ങനെ ചരിത്രമുറങ്ങുന്ന പഴുവിൽ ഫൊറോന ദൈവാലയം ഒരിക്കൽ കൂടി മതസൗഹാർദ്ദത്തിന്റെ വേദിയായി മാറി. വൃക്ക ചികിത്സക്കായി സഹായം ആവശ്യപ്പെട്ടുകൊണ്ട് 42 കാരനായ അന്തിക്കാട് പച്ചാംപിള്ളി സുമേഷ്, ഷൈജു സായ്റാമിനെ സമീപിച്ചപ്പോൾ തന്റെ വൃക്ക കൂടി തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തമാശയായിട്ടാണ് സുമേഷ് ഇത് ആദ്യം കരുതിയത്. വൃക്ക മാറ്റിവക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഷൈജു സായ്റാം സുമേഷിനെ അറിയിച്ചു. എങ്കിലും എല്ലാം ഒത്തു വരാനായി രണ്ടരവർഷം കൂടി കാത്തിരിക്കേണ്ടി വന്നു. കൂടാതെ തന്റെ സുഹൃത്തുക്കളിലൂടെ സുമേഷിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്താനും ഷൈജു സായ്റാം നേതൃത്വം വഹിച്ചിരുന്നു.