അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ നടക്കുന്ന കെ.എസ്.ടി.എ ജില്ല സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ പുറപ്പെട്ടു. അധ്യാപക പ്രസ്ഥാനം പിറവി കൊണ്ട വലപ്പാട് ജി.ഡി.എം.എൽ.പി സ്കൂൾ പരിസരത്ത് നിന്നാണ് സമ്മേളന നഗരിയിലേക്ക് പതാക ജാഥ ആരംഭിച്ചത്. സംസ്ഥാന എക്സി. അംഗം സി.എ. നസീർ ഉദ്ഘാടനം ചെയ്തു. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു ജാഥ ക്യാപ്റ്റൻ ഡെന്നി കെ. ഡേവിഡിന് പതാക കൈമാറി. സംഘാടക സമിതി ചെയർമാൻ ഇ.കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ടി. വിനോദിനി, ശ്യാം കൃഷ്ണ, ജില്ല സെക്രട്ടറി കെ. പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ഇഗ്‌നേഷ്യസ്, ടി.എം. ലത, ഡോ. പി.സി. സിജി, ദീപ ആന്റണി, വൈസ് ക്യാപ്റ്റൻ ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. പതാക ജാഥക്ക് വലപ്പാട് ചന്തപ്പടി, നാട്ടിക, തൃപ്രയാർ, ചെമ്മാപ്പുള്ളി പെരിങ്ങോട്ടുകര എന്നിവിടങ്ങളിൽ സ്വീകരണം നൽകി. കെ.എസ്.ടി.എ ജില്ല സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂളിലാണ് നടക്കുന്നത്. ജില്ല സമ്മേളനം ശനിയാഴ്ച രാവിലെ പത്തിന് മുൻ എം.പി പി.കെ. ബിജു ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രതിനിധി സമ്മേളനം നടക്കും. വൈകീട്ട് റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ ഞായറാഴ്ച നടക്കുന്ന സമ്മേളനത്തിൽ എൻ.കെ. അക്ബർ എം.എൽ.എ സംസാരിക്കും. തുടർന്ന് നടക്കുന്ന പൊതുചർച്ചക്ക് ശേഷം പുതിയ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുക്കും.
next post