കാഞ്ഞാണി: മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ പള്ളിവേട്ട ഉത്സവം വർണ്ണാഭമായി. തന്ത്രി ഇല്ലമായ കല്ലേലി താമരപ്പിള്ളി ഇല്ലാത്തെ പറയെടുപ്പിന് ശേഷം മടങ്ങിയെത്തിയ ശാസ്താവ് അഞ്ചു കൊമ്പനാനകളുടെ അകമ്പടിയോടെ കാഴ്ചശീവേലി പഞ്ചവാദ്യത്തോടെ എഴുന്നള്ളിച്ചു. രാവിലെക്ഷേത്ര ബദൽ കെട്ടിന് അകത്ത് പഞ്ചാരി മേളത്തോടെ ശീവേലി എഴുന്നള്ളിപ്പ് നടന്നു.
വൈകിട്ട് ശാസ്താവിന് മേളത്തോടെ പള്ളിവേട്ട എഴുന്നള്ളിപ്പ് നടത്തി. മച്ചാട് ജയറാം ശാസ്താവിന്റെ തിടമ്പേറ്റി.
പഞ്ചവാദ്യത്തിന് തൃപ്രയാർ രമേശൻ മാരാരും പഞ്ചാരി മേളത്തിന് ചൊവ്വല്ലൂർ മോഹനനും മേളത്തിന് തൃപ്രയാർ അനിയൻ മാരാരും പ്രമാണിത്വം വഹിച്ചു.
ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, മേൽശാന്തി രാഘവേന്ദ്ര എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് കാർമ്മികരായി. ഞായറാഴ്ച രാവിലെ ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും ആറാട്ടു കഞ്ഞി വിതരണം നടക്കും. പ്രാദേശി ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് വിവിധ കലാരൂപങ്ങൾ രാവിലെ മുതൽ എഴുന്നള്ളിക്കും.