തൃശൂര്‍: വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മണവാളന്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷാ ( 26) പൊലിസ് കസ്റ്റഡിയില്‍. കേച്ചേരി എരനെല്ലൂര്‍ സ്വദേശിയാണ്. ബംഗളൂരുവില്‍നിന്നാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് സ്റ്റേഷനിലെത്തിച്ച ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഏപ്രില്‍ 19ന് കേരളവര്‍മ കോളജ് റോഡില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ഈ സംഭവത്തിനുശേഷം ഷഹീന്‍ ഷാ ഒളിവില്‍ പോയിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ വെസ്റ്റ് പൊലിസ് ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നാണു കേസ്. കാര്‍ വരുന്നതു കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചു കയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതര പരുക്കേറ്റിരുന്നു.
previous post