അന്തിക്കാട്: അപേക്ഷിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകാത്തതുമായി ബന്ധപ്പെട്ട് പടിയം വില്ലേജ് ഓഫീസിൽ തർക്കം. ഭൂമി സംബന്ധമായി ഏറ്റെടുക്കൽ ഇല്ലെന്നുള്ള നോൺ എൽ.എ. സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ അനുവദിച്ച് നൽകാത്തതാണ് തർക്കത്തിനിടയായത്. ഇതിനായി വില്ലേജ് ഓഫീസിൽ വന്നവരോട് ഓഫീസർ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. പ്രശ്നം ശ്രദ്ധയിൽപ്പെട്ട സി.സി. മുകുന്ദൻ എം.എൽ.എ. പടിയം വില്ലേജ് ഓഫീസിൽ നേരിട്ടെത്തി വിവരമാരാഞ്ഞു. തുടർന്ന് തഹസിൽദാർ സ്ഥലത്തെത്തി അപേക്ഷകർക്ക് സർട്ടിഫിക്കറ്റ് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റും അന്തിക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.
അന്തിക്കാട്, പടിയം വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞ് എട്ട് മാസത്തോളമായി വില്ലേജ് ഓഫീസർമാരുടെ സേവനം ഫലപ്രദമല്ല. ഉദ്യോഗസ്ഥർ പതിവായി സ്ഥലം മാറിപോകുന്നതുമൂലം ഓഫീസുകളുടെ പ്രവർത്തനം താറുമാറായിരുന്നു. ആവശ്യമുള്ള രേഖകൾ ലഭിക്കാതെ ജനങ്ങൾക്ക് ഏറെ അലയേണ്ടി വന്നു. അന്തിക്കാട് പഞ്ചായത്തിന്റെ തീരദേശത്തുള്ള പടിയത്തെ വില്ലേജ് ഓഫീസിന്റെ കെട്ടിടം പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ഓഫീസിന്റെ പ്രവർത്തനം അന്തിക്കാട് സെന്ററിലുള്ള സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയത്. അതുമൂലം പടിയത്തുള്ളവർ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവിടെയെത്തുന്നത്. ഇങ്ങനെയെത്തുന്നവരെ ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുന്നത് പതിവായിരുന്നു. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ ബാങ്കുകൾക്ക് ലഭിക്കേണ്ട രേഖകൾ കിട്ടാതായതാണ് പ്രശ്നം വഷളായത്. റവന്യൂ മന്ത്രിയുടെ നാട്ടിലെ വില്ലേജ് ഓഫീസുകളുടെ അനാസ്ഥയിൽ നാട്ടുകാർക്കിടയിൽ അമർഷമുണ്ട്. നിർമ്മാണം പൂർത്തിയായ പടിയത്തെ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസ് എത്രയും പെട്ടെന്ന് മാറ്റണന്നാണ് നാട്ടുകാരുടെ ആവശ്യം.