വാടാനപ്പള്ളി: റേഷൻ കടകൾ കാലിയാക്കി ജനങ്ങളെ ദുരിതത്തിലാക്കുന്ന പിണറായി സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി. ബീച്ച് റോഡിലുള്ള 98-ാം നമ്പർ റേഷൻ കടക്ക് മുമ്പിലാണ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ജില്ല പ്രസിഡണ്ട് എ.എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങൾക്ക് ആശ്രയമായ റേഷൻ സംവിധാനം തകർക്കുന്നതിനാണ് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ശ്രമിക്കുന്നതെന്ന് സനൗഫൽ പറഞ്ഞു.
പിണറായി ഭരണത്തിൽ ഭക്ഷ്യധാന്യങ്ങൾ കിട്ടാതെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. റേഷൻ വ്യാപാരികളോട് നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. റേഷൻ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ശുഷ്‌കാന്തിയില്ല. റേഷൻ സാധങ്ങൾക്ക് പകരം പണം നൽകുന്ന ഡിബിടി സമ്പ്രദായം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും സനൗഫൽ പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.വൈ. ഹർഷാദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വി.എം. മുഹമ്മദ് സമാൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. അഹമ്മദ്, ജനറൽ സെക്രട്ടറി എ.എ. ഷജീർ, ഗ്രാമ പഞ്ചായത്തംഗം രേഖ അശോകൻ പ്രസംഗിച്ചു.