76-ാം റിപ്പബ്ലിക് ദിനം ആചരിച്ചു
തൃശൂര്‍: രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേര്‍തിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രാജ്യത്തിന്റെ 76 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന നിര്‍മ്മാണ സഭ നിരന്തരമായ ചര്‍ച്ചകളിലൂടെയും അഭിപ്രായ സ്വരൂപണത്തിലൂടെയും കുറ്റമറ്റ വിധത്തില്‍ തയ്യാറാക്കി അംഗീകരിച്ച് രാഷ്ട്രത്തിന് സമര്‍പ്പിച്ച പവിത്രമായ ഭരണഘടനയാണ് നമ്മുടേത്. ലോകത്ത് ലഭ്യമായ എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലുതും ശ്രഷ്ഠവുമായ ഭരണഘടന നമ്മുടേതാണ്.
അതിന്റെ ആമുഖത്തിലുണ്ട് ഈ രാജ്യം എങ്ങനെയായിരിക്കണം എന്ന ദീര്‍ഘവീക്ഷണം. we the people of India, ഇന്ത്യയിലെ ജനങ്ങളായ നാം എന്നാണ് ആമുഖം ആരംഭിക്കുന്നത്. ഇന്ത്യയെന്ന ബഹുസ്വരതയാണ് ഭരണഘടനാ ശില്പികള്‍ അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള മതവിശ്വാസങ്ങളില്‍ ജീവിക്കാം എന്ന് പറയുമ്പോള്‍ തന്നെ, ഈ രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്ന് പറയാനും അവര്‍ ആര്‍ജ്ജവം കാട്ടി. ആറ്റിക്കുറുക്കി ഊതിക്കാച്ചി സംവിധാനം ചെയ്‌തെടുത്ത നമ്മുടെ പവിത്രമായ ഭരണഘടനയെ അംഗീകരിക്കാനും ആദരിക്കാനും, ഹൃദയത്തോട് ചേര്‍ത്ത് വെക്കാനും ഭരണഘടനാ മൂല്യങ്ങളുടെ കാവലാളാകാനും ഓരോ ഭാരതീയര്‍ക്കും ചുമതലയുണ്ട്. നമ്മുടെ അനിവാര്യമായ ഉത്തരവാദിത്തമാണത്.
ഇന്ത്യന്‍ യൂണിയനെ ഒരുമിച്ചു നിര്‍ത്തുന്ന പ്രധാനപ്പെട്ട ഘടകം സുശക്തമായ ഫെഡറല്‍ സംവിധാനമാണ്. ഫെഡറല്‍ തുല്യത ഉറപ്പാക്കിയാലേ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം മൂര്‍ത്തമാവുകയുള്ളൂ. നിലവില്‍ ഫെഡറല്‍ ബന്ധങ്ങളിലെ മാറ്റങ്ങള്‍ കൂടുതല്‍ വ്യവസ്ഥാപിതമാണ്. രാഷ്ട്രീയ കേന്ദ്രീകരണത്തോടൊപ്പം സാമ്പത്തിക ശക്തി കേന്ദ്രീകരിക്കാനുള്ള പ്രവണതയും വര്‍ദ്ധിച്ചുവരികയാണ്. വിഭവ വിനിയോഗത്തിലും ജനക്ഷേമകരമായ ഇടപെടലുകളിലും കേന്ദ്രീകരണം വര്‍ദ്ധിച്ചു വരികയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമുള്ള മേഖലകള്‍ ഭരണഘടനാപരമായിത്തന്നെ ആ നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ട്. സുശക്തമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ രാജ്യത്തിന്റെ സര്‍വ്വതോമുഖമായ വികസനത്തിനും വളര്‍ച്ചയ്ക്കും സഹായകമാവുകയും ചെയ്യും. കടുത്ത സാമ്പത്തിക ഞെരുക്കങ്ങളിലൂടെ കടന്നുപോകുന്ന കേരളം അതാണ് നിരന്തരമായി ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യങ്ങളോട് ക്രിയാത്മകമായിത്തന്നെ പ്രതികരിക്കണം.
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഋഷിയും കവിയുമായ രവീന്ദ്രനാഥ് ടാഗോര്‍ പാടിയതുപോലെ, എവിടെ മനസ്സ് നിര്‍മ്മലവും, ശിരസ്സ് ഉന്നതവുമാണോ എവിടെ അറിവ് സ്വതന്ത്രമാണോ, എവിടെ ഇടുങ്ങിയ ഭിത്തികളില്‍ ലോകം കൊച്ചുകഷണങ്ങളായി വിഭജിക്കപ്പെടാതിരിക്കുന്നുവോ, എവിടെ സത്യത്തിന്റെ അഗാധതലങ്ങളില്‍ നിന്നും, വാക്കുകള്‍ ഉദ്ഗമിക്കുന്നുവോ, എവിടെ അക്ഷീണമായ പൂര്‍ണ്ണതയുടെ, നേര്‍ക്ക് അതിന്റെ കൈകള്‍ നീട്ടുന്നുവോ, എവിടെ യുക്തിയുടെ സ്വച്ഛന്ദ പ്രവാഹം നിര്‍ജീവാചാരങ്ങളുടെ മരുഭൂവിലൊഴുകി വഴി മുട്ടാതിരിക്കുന്നുവോ, എവിടെ ചിരവികസിതമായ ചിന്തയിലേക്ക് മനസ്സിനെ നയിക്കുന്നുവോ, ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് എന്റെ രാജ്യം ഉണരണമേ എന്ന മഹത്തായ ആഗ്രഹമാണ് 76 മത് റിപ്പബ്ലിക്കിന്റെ ഈ പുലരിയില്‍ നമുക്ക് ഉണ്ടാകേണ്ടത്. ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗീയതയുടെയും മറ്റ് പലതരത്തിലുള്ള വിഭജനങ്ങളുടെയും വിഷവിത്തുകള്‍ നമ്മുടെ മണ്ണില്‍ വീണ് മുളപൊട്ടി വളര്‍ന്ന് പന്തലിക്കാന്‍ ഒരു കാരണവശാലും നാം അനുവദിച്ചുകൂടാ.
ജൂലായ് 30 ന് വയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടല്‍ അവിടെ വിതച്ച ഭീകരത ചെറുതായിരുന്നില്ല. പുഞ്ചിരിമട്ടവും മുണ്ടക്കൈയും അട്ടാമലയും ആറാമലയുമെല്ലാം ഉള്‍പ്പെടുന്ന ചൂരല്‍ മലയിലെ മനുഷ്യരെ അവരുടെ മണ്ണിനെ വീടിനെ സ്വപ്നങ്ങളെ പോലും ഉരുളെടുത്തു. കേരളം സമീപഭൂതകാലത്തൊന്നും കാണാത്ത ഭീകരമായ ദുരന്തമാണ് അവിടെയുണ്ടായത്. പക്ഷേ ആ ദുരന്തഭൂമിയിലും പേടിച്ചുനില്‍ക്കുകയല്ല നാം ചെയത്. പട്ടാളവും പോലീസും ഫയര്‍ഫോഴ്‌സും മുതല്‍ സാധാരണ മനുഷ്യര്‍ വരെ കൈകോര്‍ത്ത് ഒരു മനസ്സായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്തമുഖത്ത് ഒരു പുതിയ മോഡല്‍ ലോകത്തിനു സമ്മാനിച്ചു. മനുഷ്യസ്‌നേഹികളുടെ സമാനതകളില്ലാത്ത കൂട്ടായ്മ വലിയ ദുരന്തത്തിന്റെ നടുവിലും പരമാവധി നഷ്ടങ്ങളെ കുറക്കാന്‍ സാധിച്ചു. ഇപ്പോള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നമ്മുടെ നാട് ഒറ്റക്കെട്ടായി നടത്തുന്ന ഏറ്റവും വലിയ ദൗത്യം ആ ഗ്രാമത്തിന്റെ പുനര്‍നിര്‍മ്മാണമാണ്. ഇതിനായി മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും, കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റും ഏറ്റെടുത്തു ദുരന്ത ബാധികര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് നാം നേതൃത്വം നല്‍കിവരികയാണ്. ദുരന്തം നടന്ന് 61 ദിവസത്തിനകം തന്നെ ഭൂമി ഏറ്റെടുക്കാന്‍ തത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ഇതില്‍ ചില വ്യവഹാരങ്ങള്‍ ഉണ്ടായിയെങ്കിലും ഇപ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ടൗണ്‍ഷിപ്പിന്റെ രൂപരേഖ തയ്യാറാക്കി നാം നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. കേവലം വീടുകള്‍ മാത്രമല്ല ആശുപത്രി, സ്‌കൂള്‍, അങ്കണവാടി, കളിക്കളങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടാകുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. കേവല തമാസകേന്ദ്രങ്ങള്‍ മാത്രമല്ല നഷ്ടപ്പെട്ട തൊഴിലും ജീവിധോപാധികളുമടക്കം സമഗ്രമായ പുനരധിവാസമാണ് നാം ലക്ഷ്യം വെക്കുന്നത്. 2025 ല്‍ തന്നെ ഈ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം നാം പൂര്‍ത്തിയാക്കും. ഈ പ്രവര്‍ത്തനത്തില്‍ നാം ഒറ്റയ്ക്കല്ല ലോകം മുഴുവന്‍ നമ്മളോടൊപ്പമുണ്ട്. ഈ ധൈര്യത്തോടെയും ഇച്ഛാശക്തിയോടെയും കേരളം പറയുന്നുണ്ട് അവസാന ദുരന്ത ബാധിതനെയും പുനരധിവസിപ്പിക്കാതെ ചുരമിറങ്ങില്ല ലോകമലയാളം. നമ്മുടെ പുതുതലമുറ വിവിധതരം ലഹരിവസ്തുകളുടെ പിടിയിലമര്‍ന്നിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ സംഭ്രമജനകമാണ്. ലഹരി നിറയ്ക്കുന്ന അക്രമാസക്തതയും അരാജകത്വവും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ അവിശ്വസനീയമായ വാര്‍ത്തകളായി നമുക്കിടയില്‍ നിറയുകയാണ്. ഈ റിപ്പബ്ലിക് ദിനത്തില്‍ ലഹരിമുക്ത ഇന്ത്യക്കായി നമുക്ക് കൈകോര്‍ക്കാം. അടുത്തത് മാലിന്യത്തിനെതിരായ യുദ്ധമാണ്. ഇന്ത്യയുടെ മുന്നില്‍ നാം കേരളം എല്ലാത്തിലും ഒന്നാമതാണ്. കേരളം നടക്കുന്നു ഇന്ത്യ പുറകെ നടക്കുന്നു എന്ന ഒരു പ്രയോഗം തന്നെയുണ്ട്. ഇപ്പോള്‍ അതും കഴിഞ്ഞ് നാം ലോകത്തോടൊപ്പം നടക്കുകയാണ്. എല്ലാത്തിലും ഒന്നാമതായ നാം പക്ഷെ അപമാനിക്കപ്പെടുന്നതും പുറകോട്ടു പോകുന്നതും മാലിന്യത്തിന്റെ പേരിലാണ്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ആരംഭിച്ച് ലോകമാലിന്യ വിരുദ്ധ ദിനമായ മാര്‍ച്ച് 31 ന് പൂര്‍ത്തീകരിക്കും വിധം നാം ഒരു ജനകീയ ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്. മാലിന്യമുക്ത നവകേരളം എന്നതാണ് ഇതിന്റെ മുദ്രാവാക്യം. മാലിന്യത്തിന് എതിരായ യുദ്ധത്തില്‍ നമ്മുടെ സൈന്യമാണ് ഹരിത കര്‍മ്മസേന. പക്ഷേ, മാലിന്യത്തിനെതിരായ ഈ മഹായുദ്ധത്തില്‍ അവര്‍ മാത്രം പോരാ. നമ്മളെല്ലാവരും ഇതിന്റെ പടയാളികളാവണം. രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്ര പുനര്‍നിമ്മാണത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള നമ്മുടെ പ്രതിജ്ഞ പുതുക്കാം. എല്ലാ വിഭാഗം ജനങ്ങളും ഉള്‍ക്കൊള്ളുന്ന സര്‍വ്വതല സ്പര്‍ശിയായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നമ്മുടേതായ പങ്കുവഹിക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി. ബാലചന്ദ്രന്‍ എംഎല്‍എ, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി (സിറ്റി) ആര്‍. ഇളങ്കോ, ജില്ലാ പോലീസ് മേധാവി (റൂറല്‍) ബി. കൃഷ്ണകുമാര്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ എന്നിവര്‍ സംബന്ധിച്ചു. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എസ്.പി.സി, എന്‍.സി.സി ഉള്‍പ്പെടെ 24 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സിറ്റി പോലീസ് എഎസ്പി ഹര്‍ദ്ദിക് മീണ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ കെ.ജി ശിവശങ്കരനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു.
മികച്ച പ്ലറ്റൂണുകള്‍
സര്‍വ്വീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഡെപ്യൂട്ടി റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.പി സാജന്‍ പ്രഭാശങ്കര്‍ നയിച്ച കേരള ഫോറസ്റ്റ് ഡിവിഷന്റെ പ്ലാട്ടൂണിന് ഒന്നാം സ്ഥാനം ലഭിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ശരത്ത് നയിച്ച തൃശ്ശൂര്‍ സിറ്റി ലോക്കല്‍ പോലീസിന്റെ പ്ലട്ടൂണ്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ എന്‍സിസി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ പി.ടി അജയ് നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ 24-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനം നേടി. കമ്പനി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അന്‍വല്‍ ഐസക് നയിച്ച തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിന്റെ 23-ാം ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ബോയ്‌സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനം നേടി. എന്‍സിസി സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വി.എസ് നന്ദന നയിച്ച തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജിന്റെ 7-ാം കേരള ബറ്റാലിയന്‍ എന്‍സിസി സീനിയര്‍ ഗേള്‍സ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അനന്യ പി. മനു നയിച്ച ശ്രീ കേരള വര്‍മ്മ കോളേജിന്റെ ഏഴാം കേരള ബറ്റാലിയന്‍ എന്‍ സി സി സീനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി.
ജൂനിയര്‍ എന്‍സിസി വിഭാഗത്തില്‍ ഒന്നാം സ്ഥാനം കോര്‍പ്പറല്‍ കെ.എസ് ലക്ഷ്മി ശ്രീ നയിച്ച ചിന്‍മയ വിദ്യാലയം 24-ാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയര്‍ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും പി.എ അഭിനന്ദ നയിച്ച തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിന്റെ 7-ാം കേരള ബറ്റാലിയന്‍ എന്‍സിസി ജൂനിയര്‍ ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. എസ്പിസി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആദിത്യ പി. രഘു നയിച്ച ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ എസ്പിസി റൂറല്‍ ബോയ്‌സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും പി.എസ് ഗയോസ് നയിച്ച പുത്തൂര്‍ എച്ച്എസ്എസിന്റെ എസ്പിസി സിറ്റി ബോയ്‌സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. എസ്പിസി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അനസ്റ്റീന നൈജു നയിച്ച കുറ്റിക്കാട് സെന്റ്. സെബാസ്റ്റ്യന്‍ സ്‌കൂളിന്റെ എസ്പിസി റൂറല്‍ ഗേള്‍സ് പ്ലറ്റൂണ്‍ ഒന്നാം സ്ഥാനവും ടി.എസ് റിയ നയിച്ച എരുമപ്പെട്ടി ഗവ. ജി.എച്ച്.എസ്.എസ് എസ്പിസി സിറ്റി ഗേള്‍സ് പ്ലറ്റൂണ്‍ രണ്ടാം സ്ഥാനവും നേടി. ബാന്റ് പ്ലാറ്റൂണില്‍ എ.ഡി നൈവ നയിച്ച തൃശ്ശൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബാന്റ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനവും സിയ നയിച്ച ഹോളി ഫാമിലി കോണ്‍വെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ബാന്റ് പ്ലാറ്റൂണ്‍ രണ്ടാം സ്ഥാനവും എസ്.വി വിഷ്ണു നയിച്ച പെരിഞ്ഞനം 24-ാം കേരള ബറ്റാലിയന്‍ എന്‍സിസി ബാന്റ് പ്ലാറ്റൂണ്‍ മൂന്നാം സ്ഥാനവും നേടി.