ചേർപ്പ്: തൃശൂർ തൃപ്രയാർ റൂട്ടിൽ ചിറയ്ക്കൽ പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽകാലിക പാലത്തിനോട് ചേർന്ന് പൈലിങ്ങ് പ്രവൃത്തികളും പഴയ പാലത്തിന്റെ കല്ലുകൾ പൂർണ്ണമായും നീക്കം ചെയ്യേണ്ടതിനാൽ രാവിലെ മുതൽവാഹന ഗതാഗതം പൂർണമായും നിരോധിച്ചത് വഴിയാത്രക്കാരെ വലച്ചു. താൽകാലിക പാലത്തിനെ ബലപ്പെടുത്തുന്നതിനുമായിട്ടാണ് പാലത്തിലൂടെ വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് പാലം നിർമ്മാണം നടക്കുന്നത്. റൂട്ടിൽ ബസ് സർവ്വീസും തടസപ്പെട്ടു. വിദ്യാർത്ഥികളും ജോലിക്കാരുമടക്കം പലരും കാൽനടയായിട്ടും മറ്റു വഴികളിലൂടെയുമാണ് സ്ക്കൂളിലേക്കും ആഫീസുകളിലേക്കും എത്തിയിരുന്നു. പെരുമ്പിള്ളിശേരിയിലെത്തി തൃശൂർ ഇരിങ്ങാലക്കുട ബസുകളെയും യാത്രക്കാർക്ക് ആശ്രയിക്കേണ്ടി വന്നു. ആംബുലൻസ് അത്യാഹിത വാഹനങ്ങൾക്ക് താൽകാലിക പാലത്തിലൂടെ കടന്നുപോകുന്നതിനുള്ള സാഹചര്യവും അധികൃതർ ഒരുക്കിയിരുന്നു. സി.സി. മുകുന്ദൻ എം.എൽ.എ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പാലം സന്ദർശിച്ചു.