അരിമ്പൂർ: പഞ്ചായത്തിൻ്റെ മഹാത്മാ ഗ്രന്ഥശാലയിൽ പൊതുജനങ്ങൾക്ക് വായിക്കാനായി വച്ചിട്ടുള്ള പത്രങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. പരാതികൾ ഉയർന്നതോടെ ഗ്രന്ഥശാല സമീപത്ത് ക്യാമറ സ്ഥാപിച്ച് പരിശോധിച്ചതിൽ രണ്ടു പേരാണ് പത്രങ്ങൾ കൊണ്ടു പോകുന്നത് എന്ന് കണ്ടെത്തി. പത്ത് പത്രങ്ങൾ വരെ ഒരുമിച്ച് മോഷണം നടന്ന സാഹചര്യത്തിലാണ് നിരീക്ഷണം നടത്തിയത്. ചുറ്റുപാടും നോക്കിയ ശേഷം രണ്ടു പത്രങ്ങൾ എടുത്ത് മുണ്ടിനുള്ളിൽ തിരുകി പോകുന്ന ആളുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞതിൽ നിന്ന് ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിൽ തന്നെ ഉള്ള ആളുകളായതിനാൽ ഇവരെ പറഞ്ഞ് മനസിലാക്കി നേർവഴിക്ക് നടത്താനാണ് പഞ്ചായത്ത് തീരുമാനം. ഒരാളെ വിളിച്ച് താക്കീത് നൽകിയിട്ടുണ്ട്. തൽക്കാലം പോലീസിൽ പരാതി നൽകേണ്ടതില്ല എന്നാണ് തീരുമാനം.