തളിക്കുളം: ഗ്രാമപഞ്ചായത്ത് 2025 – 26 വർഷത്തേക്കുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ട് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. കുട്ടികൾക്കായി ബാല ബാലിക സഭയും, വനിതകൾക്കായി വനിതകളുടെ ഗ്രാമസഭയുമാണ് സംഘടിപ്പിച്ചത്. 2025- 26 വർഷത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി നടപ്പിലാക്കേണ്ട പദ്ധതികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചത്. 2024 – 25 വർഷത്തിൽ കുട്ടികൾക്കായി കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ഫുട്ബോൾ പരിശീലനം, ക്രിക്കറ്റ് പരിശീലനം, വോളിബോൾ പരിശീലനം, ചിത്ര കളരി, കുട്ടികൾക്ക് സ്കൂൾ യൂട്യൂബ് റേഡിയോ, ഫിസിക്കൽ ട്രെയിനിങ്, കുട്ടി ഗ്രാമ ക്ലബ്ബ് തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. 2024 – 25 ൽ വനിതകൾക്കായി കരാട്ടെ പരിശീലനം, അനീമിയ ബാധിച്ച സ്ത്രീകൾക്ക് പോഷകാഹാര കിറ്റ്, എൽഇഡി ബൾബ് നിർമ്മാണം, കമ്പ്യൂട്ടർ പരിശീലനം, ഇലക്ട്രിക് വർക്ക് പരിശീലനം, മെൻസ്ട്രൽ കപ്പ് വിതരണം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് നടപ്പിലാക്കുന്ന സ്പെഷ്യൽ ഗ്രാമസഭകളിലൂടെയാണ് ഇത്തരം പദ്ധതികൾ രൂപീകരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അനിത ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ബ്‌ദുൾ നാസർ, വിനയപ്രസാദ്, ഷിജി സി കെ, സന്ധ്യ മനോഹരൻ, സുമന ജോഷി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കരാട്ടെ പരിശീലകൻ ഷക്കീർ, നീന്തൽ പരിശീലകരായ നിതിന, ശബരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പദ്ധതികൾ നിർവഹണം നടത്തുന്ന തളിക്കുളം ഗ്രാമ പഞ്ചായത്തിലെ പ്രധാന അധ്യാപിക ജിജ ടീച്ചർ ചടങ്ങിൽ നന്ദി പറഞ്ഞു. അങ്കണവാടി പ്രവർത്തകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.