കാഞ്ഞാണി: അത്യാസന നിലയിൽ ആയ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി സ്വകാര്യ ബസ്സുകൾ. മനപ്പൂർവ്വം ആംബുലൻസിന് വിലങ്ങുതടിയായി മാർഗ്ഗ തടസ്സം ഉണ്ടാക്കി എന്നാണ് പരാതി. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തു. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായ കാഞ്ഞാണി സെൻ്ററിൽ ശനിയാഴ്ച വൈകീട്ട് 4.30 നാണ് സംഭവം. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര സർവ്വതോഭദ്രത്തിൻ്റെ ആംബുലൻസാണ് സ്വകാര്യ ബസുകളുടെ ധിക്കാരപരമായ നടപടി മൂലം ദുരിതത്തിലായത്.
ഒരു വരിയിൽ ബ്ലോക്കിൽ പെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും ഗൗനിക്കാതെ സ്വകാര്യ ബന്ധുകാർ നടത്തിയ തെമ്മാടിത്തരം ആംബുലൻസ് ഡ്രൈവറാണ് മൊബൈൽ ക്യാമറയിൽ പകർത്തിയത്. രണ്ടു ബസുകൾ ചേർന്ന് റോങ്ങ് സൈഡിൽ കയറി വന്ന് ആംബുലൻസിൻ്റെ വഴി തടഞ്ഞു. 5 മിനിറ്റിലധികം രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ്.ഐ. കെ. അജിത്ത് വ്യക്തമാക്കി. ശ്രീമുരുക, അനുശ്രീ, സെൻ്റ് മേരീസ് എന്നീ ബസ്സുകളാണ് മാർഗ്ഗ തടസം ഉണ്ടാക്കിയത്. രണ്ടു വർഷം മുൻപ് സ്വകാര്യ ബസ് ഡ്രൈവർ മനക്കൊടി – ചേറ്റുപുഴയിൽ വച്ച് ആംബുലൻസിനെ വഴി തടഞ്ഞ് ആശുപത്രിയിൽ യഥാസമയം എത്തിക്കാൻ ആകാതെ വീട്ടമ്മ മരിച്ചിരുന്നത് വിവാദമായിരുന്നു. സംഭവം വിവാദമായ പശ്ചാത്തലത്തിൽ 3 ബസുകൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുടി ഡി.വൈ.എസ്.പി. അറിയിച്ചു.