പാവറട്ടി: പഞ്ചായത്തിലെ കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം കാനയിലേക്ക് ഒഴുകുന്നു . അസഹ്യമായ ദുർഗന്ധം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ബസ് യാത്രക്കാരെയും വലിക്കുന്നുണ്ട്. കംഫർട്ട് സ്റ്റേഷന് സമീപത്തായി പ്രവർത്തിക്കുന്ന പാവറട്ടി ക്ഷീരോൽപാദക സഹകരണ സംഘം പാവറട്ടി പഞ്ചായത്ത് അധികാരികൾക്ക് രേഖാമൂലം പരാതി നൽകിയിട്ടും അനങ്ങാപ്പാറ നയമാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അസഹ്യമായ ദുർഗന്ധം ഉണ്ടായിട്ടും ഇതിനെതിരെ നടപടിയെടുക്കുന്നതിനോ പ്രശ്നം പരിഹരിക്കുന്നതിനോ പഞ്ചായത്തും ആരോഗ്യ വകുപ്പും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്. പൊതുജനം മലിന ജലം കാനയിലേക്ക് ഒഴുക്കുമ്പോൾ നടപടിയുമായി എത്തുന്ന അധികാരികൾ തന്നെയാണ് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും മാലിന്യം പൊതു കാനയിലേക്ക് ഒഴുകുന്നത്. ഇതിനെതിരെ ആരോഗ്യവകുപ്പും യാതൊരുവിധ നടപടിയും കൈക്കൊള്ളുന്നില്ല എന്നും ആരോപണമുണ്ട്.